ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്ക് ഫലപ്രദമായി നടപ്പാക്കുന്നതിനായി പ്രായപരിശോധന (Age Verification) സംവിധാനങ്ങളുടെ രൂപരേഖ ഈ വർഷം ഒക്ടോബറോടെ തയ്യാറാക്കണമെന്ന് യുകെ ടെക്‌നോളജി സെക്രട്ടറി ലിസ് കെൻഡൽ മാധ്യമ നിയന്ത്രണ ഏജൻസിയായ ഓഫ്‌കോമിനോട് ആവശ്യപ്പെട്ടു. ടിക്‌ടോക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, സ്‌നാപ്ചാറ്റ്, എക്‌സ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകൾക്ക് വിലക്ക് ഏർപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വിലക്ക് കർശനമായി നടപ്പാക്കാൻ വ്യക്തമായ എൻഫോഴ്‌സ്‌മെന്റ് തന്ത്രവും പാർലമെന്റിന് വാർഷിക റിപ്പോർട്ടും സമർപ്പിക്കണമെന്ന് ഓഫ്‌കോമിനോട് നിർദേശിച്ചിട്ടുണ്ട്. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ, ഡിജിറ്റൽ ഐഡി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പ്രായനിർണയ മാർഗങ്ങൾ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ 18 വയസ്സിന് താഴെയുള്ളവർക്ക് പ്രണയമോ ലൈംഗിക ബന്ധങ്ങളോ അനുകരിക്കുന്ന എഐ ചാറ്റ്‌ബോട്ടുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും.
അതേസമയം, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർണായക നടപടിയെന്നാണ് സർക്കാർ നിലപാട്. എന്നാൽ മെറ്റയും യൂട്യൂബും ഉൾപ്പെടെയുള്ള സാങ്കേതിക കമ്പനികൾ ഇതിനെതിരെ രംഗത്തെത്തി. ഇത്തരം വിലക്കുകൾ കുട്ടികളെ നിയന്ത്രണമില്ലാത്ത മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് തള്ളിവിടുമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു. മറുവശത്ത്, എൻഎസ്‌പിസിസി, ബർണാർഡോസ് തുടങ്ങിയ ബാലക്ഷേമ സംഘടനകൾ കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് സ്വാഗതം ചെയ്തു.











Leave a Reply