ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ നേഴ്സുമാരുടെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിന്റെ (RCN) പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുകയാണ് മലയാളി നേഴ്സായ ബിജോയ് സെബാസ്റ്റ്യൻ. ആർസിഎൻ അംഗങ്ങളുടെ ഭവനങ്ങളിൽ പോസ്റ്റൽ ബാലറ്റുകൾ ഇതിനകം എത്തിത്തുടങ്ങിയ സാഹചര്യത്തിൽ പരമാവധി അംഗങ്ങൾ വോട്ട് രേഖപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. നേഴ്സിങ് മേഖലയിലെ സുരക്ഷിതമായ സ്റ്റാഫിങ്, മെച്ചപ്പെട്ട ശമ്പളം, വിദ്യാർഥി നേഴ്സുമാർക്ക് കൂടുതൽ പിന്തുണ എന്നിവയാണ് തന്റെ പ്രധാന മുൻഗണനകളെന്ന് ബിജോയ് വ്യക്തമാക്കുന്നു.
ആലപ്പുഴ സ്വദേശിയായ ബിജോയ് സെബാസ്റ്റ്യൻ യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ സീനിയർ നേഴ്സായി സേവനം അനുഷ്ഠിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നേഴ്സിങ് പഠനം പൂർത്തിയാക്കിയ അദ്ദേഹം കഴിഞ്ഞ 15 വർഷമായി യുകെയിൽ ജോലി ചെയ്യുന്നു. നേരത്തെ ഇന്റർനാഷണൽ നേഴ്സിങ് ആൻഡ് മിഡ്വൈഫറി അസോസിയേഷൻ ഫോറം നെറ്റ്വർക്ക് യുകെയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
നേഴ്സുമാരുടെ ശമ്പളവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി ആർസിഎൻ നടത്തിയ വിവിധ പ്രക്ഷോഭങ്ങളിലും പ്രവർത്തനങ്ങളിലും ബിജോയ് സെബാസ്റ്റ്യൻ സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ തവണ നേഴ്സിങ് മേഖലയിലെ ബാൻഡ് 5 തസ്തികകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതുൾപ്പെടെ ചില നിർണായക മുന്നേറ്റങ്ങൾ കൈവരിക്കാൻ സാധിച്ചെങ്കിലും, യുകെയിലുടനീളം കൂടുതൽ മാറ്റങ്ങൾ നടപ്പാക്കാനുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. നമ്മൾ ഒരുമിച്ച് ആരംഭിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്എന്ന സന്ദേശവുമായാണ് അദ്ദേഹം അംഗങ്ങളുടെ പിന്തുണ തേടുന്നത്.
യുകെ മലയാളി സമൂഹത്തിൽ വലിയൊരു വിഭാഗം നേഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതിനാൽ തന്നെ ഒരു മലയാളി വീണ്ടും ആർസിഎൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് സമൂഹത്തിനാകെ അഭിമാനകരമായ കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. ബിജോയുടെ ഭാര്യ ദിവ്യ ക്ലെമന്റ് ഹാമെർസ്മിത്ത് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സാണ്. സഹോദരി ബ്ലെസിയും ഭർത്താവ് ജിതിനും യുകെയിൽ നേഴ്സുമാരായി ജോലി ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ കൂടുതൽ അംഗങ്ങൾ പങ്കാളികളാകണമെന്ന് മലയാളി നേഴ്സിങ് സമൂഹവും ആഹ്വാനം ചെയ്യുന്നു.











Leave a Reply