ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ സ്വകാര്യ സമുദ്രോൽപ്പന്ന കയറ്റുമതി യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് അതിഥി തൊഴിലാളികൾ മരിച്ചു. പെരിയപാളയം സമീപത്തെ കണ്ണിഗൈപേർ മേഖലയിലെ ഫാക്ടറിയിലാണ് ഞായറാഴ്ച അപകടമുണ്ടായത്. വാതകം ശ്വസിച്ചതിനെ തുടർന്ന് അസ്വസ്ഥരായ 40-ലേറെ തൊഴിലാളികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ ചെന്നൈയിലെ സർക്കാർ സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിവരം ലഭിച്ച ഉടൻ പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഫാക്ടറിയിലെ വാതകച്ചോർച്ച നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഫാക്ടറിയിലെ സുരക്ഷാ സംവിധാനങ്ങളും അമോണിയ സംഭരണ – ഉപയോഗ നടപടിക്രമങ്ങളും വിശദമായി പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്.











Leave a Reply