കൊച്ചി: നെടുമ്പാശേരിയിൽ സ്കൂട്ടറിലിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറിന്റെ വേഗം മണിക്കൂറിൽ 160 കിലോമീറ്റർ വരെ എത്തിയിരുന്നതായി പൊലീസ്. കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് അമിതവേഗത്തിൽ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ വാഹനത്തിലുണ്ടായിരുന്നവരുടെ മൊബൈൽ ഫോണിൽനിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. ഒക്ടോബർ 11ന് പുലർച്ചെ 1.41നായിരുന്നു അപകടം. അപകടത്തിന് തൊട്ടുമുമ്പുള്ള ഒരു മിനിറ്റിനിടെ കാറിന്റെ വേഗം മണിക്കൂറിൽ 140ൽനിന്ന് 160 കിലോമീറ്റർ വരെ ഉയർന്നതായാണ് ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന്റെ നിഗമനം.

കൂട്ടുപ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിലൂടെയാണ് നിർണായക ദൃശ്യങ്ങൾ ലഭിച്ചത്. അപകടത്തിന് മുമ്പും ഇതേ റോഡിലൂടെ സംഘം അമിതവേഗത്തിൽ കാറോടിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ അമ്പതോളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചും വാഹനത്തിന്റെ വേഗം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. കാറിലെ ഇവന്റ് ഡേറ്റ റെക്കോർഡറിൽ (ഇഡിആർ)നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. വിദേശ നിർമിത ആഡംബര കാറായതിനാൽ സാങ്കേതിക വിദഗ്ധരുടെ സഹായം ആവശ്യമായി വന്നതോടെ ഡേറ്റ ജർമനിയിലെ കമ്പനിയുടെ ആസ്ഥാനത്തേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടസമയത്ത് കടുത്ത മദ്യലഹരിയിലായിരുന്ന സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ പരിധിയുടെ 5.3 മടങ്ങ് മദ്യത്തിന്റെ അളവുണ്ടായിരുന്നതായും പരിശോധനയിൽ വ്യക്തമായിരുന്നു. കാറിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചിരുന്നു. അപകടത്തിനുശേഷം നാട്ടുകാർ സുഹൈലിനെ പിടികൂടി പൊലീസിന് കൈമാറി. സുഹൈലിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി നേരത്തേ തള്ളിയിരുന്നു. തുടർന്ന് നൽകിയ ജാമ്യാപേക്ഷ സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. വാഹനത്തിന്റെ വേഗം സംബന്ധിച്ച തെളിവുകൾ ഉൾപ്പെടെയുള്ള അന്വേഷണവിവരങ്ങൾ കോടതിയെ അറിയിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.