തിരുവനന്തപുരം∙ ആറ്റുകാലിലെ വാടകവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുൽ ശ്രീകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സ്വകാര്യ ബാങ്കിൽ മാനേജരാണെന്ന് പറഞ്ഞാണ് അതുൽ ആരതിയെ വിവാഹം കഴിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ വിവാഹശേഷമാണ് വാഹന വായ്പയുമായി ബന്ധപ്പെട്ട ജോലിയാണ് ചെയ്യുന്നതെന്ന് മനസ്സിലായതെന്നും അവർ പറയുന്നു. ഒന്നര വർഷം മുൻപാണ് വിവാഹം നടന്നത്. കൊല്ലം കലക്ടറേറ്റിൽ താൽക്കാലിക ജോലി ചെയ്തിരുന്ന ആരതിക്ക് സ്ഥിര ജോലി ലഭിച്ചശേഷം വിവാഹം നടത്താമെന്ന് കുടുംബം നിർദേശിച്ചിരുന്നെങ്കിലും വിവാഹം വേഗത്തിൽ നടത്താൻ ഇരുവരും നിർബന്ധിച്ചുവെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തൽ.
അതുലിന് നേരത്തെ മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടന്നിരുന്നുവെന്നും പിന്നീട് അതിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ആ യുവതി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബത്തിന്റെ മറ്റൊരു ആരോപണം. ഈ വിവരം മറച്ചുവച്ചാണ് ആരതിയുമായുള്ള വിവാഹം നടത്തിയതെന്നും ബന്ധുക്കൾ പറയുന്നു. വിവാഹശേഷം അതുൽ നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി ആരതി വീട്ടുകാരെ അറിയിച്ചിരുന്നു. ശരീരത്തിലെ മർദനമുറിവുകളുടെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചുനൽകിയിരുന്നുവെന്നും കുടുംബം പറയുന്നു. ആരതിയുടെ ശരീരത്തിൽ നിരവധി മുറിവുകളുടെ അടയാളങ്ങൾ കണ്ടെത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഗൾഫിൽ ജോലി ചെയ്തിരുന്ന ആരതിയുടെ പിതാവ് ഭൂമി പണയപ്പെടുത്തി വായ്പയെടുത്താണ് വിവാഹം നടത്തിയത്. 50 പവൻ സ്വർണവും പണവും നൽകിയിരുന്നെങ്കിലും സ്വർണം വിവിധയിടങ്ങളിൽ പണയംവച്ച് അതുൽ ഉപയോഗിച്ചുവെന്നാണ് ആരോപണം. അതിൽ നിന്നുള്ള പണം ഉപയോഗിച്ച് വാഹനം വാങ്ങുകയും വിനോദയാത്രകൾ നടത്തുകയും ചെയ്തതായും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ആഴ്ചയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അതുൽ വീട്ടിലെത്തിയിരുന്നുവെന്നാണ് ആരോപണം. ഭർത്താവിനെ അതിയായ സ്നേഹമായതിനാൽ വീട്ടിലേക്ക് മടങ്ങാൻ തയ്യാറാകാതിരുന്ന ആരതി, തുടർച്ചയായ പീഡനങ്ങൾ സഹിക്കാനാകാതെ കടുംകൈ ചെയ്തതാകാമെന്നാണ് കുടുംബത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ ആത്മഹത്യാപ്രേരണയും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളും ചുമത്തി അതുലിനെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം തുടരുകയാണ്.











Leave a Reply