ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ നിന്ന് നാടുകടത്തപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാർ വീണ്ടും രാജ്യത്തേക്ക് മടങ്ങിയെത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു . 2021 മുതൽ 2025 വരെ നാടുകടത്തപ്പെട്ടവരിൽ ഏകദേശം 4,300 പേരെ പിന്നീട് വീണ്ടും ബ്രിട്ടനിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഈ കാലയളവിൽ 4,614 തവണ അനധികൃത തിരിച്ചുവരവ് രേഖപ്പെടുത്തിയതായും 723 പേരെങ്കിലും ഒന്നിലധികം തവണ നാടുകടത്തപ്പെട്ട ശേഷം വീണ്ടും രാജ്യത്ത് പ്രവേശിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീണ്ടും എത്തിയവരിൽ ഏറ്റവും കൂടുതൽ പേർ അൽബേനിയൻ പൗരന്മാരാണ്. റൊമാനിയ, അഫ്ഗാനിസ്ഥാൻ, ലിത്വാനിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ളവരും പട്ടികയിലുണ്ട്. തിരിച്ചറിയൽ സംവിധാനങ്ങളിലെ പരിമിതികൾ കാരണം യഥാർഥ എണ്ണം ഇതിലും കൂടുതലാകാമെന്നാണ് വിലയിരുത്തൽ. നിർബന്ധിത നാടുകടത്തലിന് ഒരാൾക്ക് ശരാശരി 48,800 പൗണ്ട് വരെ ചെലവാകുമ്പോൾ സ്വമേധയാ മടങ്ങുന്നവർക്ക് 4,300 പൗണ്ടാണ് ചെലവെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രധാനമന്ത്രി കെയർ സ്റ്റാർമർ അധികാരത്തിലെത്തിയതിന് ശേഷം 76,000 ലേറെ അനധികൃത കുടിയേറ്റക്കാർ ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസുമായി നടപ്പാക്കിയ ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതി ഫലപ്രദമാണോയെന്ന ചോദ്യവും ഇതോടെ ശക്തമായിട്ടുണ്ട്. അതേസമയം, 2024 ജൂലൈ മുതൽ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടികൾ 41 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നും അനധികൃത പുനഃപ്രവേശനം തടയാൻ കർശന നടപടികൾ തുടരുകയാണെന്നും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.