ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലേക്കുള്ള അടുത്ത യാത്രയിൽ ഭാര്യ മേഗൻ മാർക്കിളിനെയും മക്കളായ ആർച്ചി, ലിലിബെറ്റ് എന്നിവരെയും ഒപ്പം കൂട്ടില്ലന്ന് പ്രിൻസ് ഹാരി തീരുമാനിച്ചതായി റിപ്പോർട്ടുകൾ. സുരക്ഷാ ആശങ്കകളാണ് കുടുംബം ലണ്ടൻ സന്ദർശനം ഒഴിവാക്കാൻ കാരണമെന്ന് ഹാരിയുടെ വക്താവ് അറിയിച്ചു. അടുത്ത ആഴ്ച ലണ്ടനിലും മറ്റ് സ്ഥലങ്ങളിലുമായി നടക്കുന്ന ചാരിറ്റി, ഇൻവിക്ടസ് ഗെയിംസ് അനുബന്ധ പരിപാടികളിൽ ഹാരി മാത്രം പങ്കെടുക്കും.

2022ന് ശേഷം ആദ്യമായി മുഴുവൻ കുടുംബവും ബ്രിട്ടൻ സന്ദർശിക്കുമെന്ന പ്രതീക്ഷ ഉയർന്നിരുന്നെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം പദ്ധതി മാറ്റുകയായിരുന്നു. രാജകുടുംബ ചുമതലകളിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് സർക്കാർ നൽകുന്ന പൊലീസ് സംരക്ഷണം നഷ്ടമായതാണ് പ്രധാന പ്രശ്നമായി തുടരുന്നത്. ഇതുമൂലം കൊച്ചുമക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും കാണാനുള്ള രാജാവ് ചാൾസ് മൂന്നാമന്റെ സാധ്യതയും അനിശ്ചിതത്വത്തിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, കുടുംബം ലണ്ടനിൽ എത്തില്ലെങ്കിലും മറ്റ് ഭാഗങ്ങളിലേക്കുള്ള യാത്ര പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നാണ് സൂചന. പ്രത്യേകിച്ച് ഹാരിയുടെ മാതാവായ ഡയാന രാജകുമാരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന ആൽതോർപ് എസ്റ്റേറ്റിലേക്കുള്ള സന്ദർശനം ഇപ്പോഴും പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇൻവിക്ടസ് ഗെയിംസ് പരിപാടികൾക്കായി ബർമിംഗ്ഹാമിലേക്കുള്ള യാത്രയിലും കുടുംബാംഗങ്ങൾ പിന്നീട് ചേരാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.











Leave a Reply