ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ ലിങ്കൺഷെയറിലെ ബോസ്റ്റണിൽ താമസിച്ചിരുന്ന പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനി ചിഞ്ചു മമ്പള്ളിൽ തോമസ് (34) പ്രസവത്തിന് പിന്നാലെ മണിക്കൂറുകൾക്കകം മരിച്ചത് മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. ഭർത്താവ് പാലക്കാട് കാരകുറുശ്ശി സ്വദേശിയായ എമിൽ ജോസ്. നാലാമത്തെ കുഞ്ഞിന്റെ ജനനത്തിനായി ജൂലൈ 6-ന് ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചിഞ്ചു, ജൂലൈ 7-ന് സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ജൂലൈ 8-ന് വൈകിട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി.
എന്നാൽ വീട്ടിലെത്തി അധികസമയം കഴിയുന്നതിനുമുമ്പ് ചിഞ്ചുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ആരോഗ്യനില ഗുരുതരമാവുകയും വ്യാഴാഴ്ച പുലർച്ചെ മരണം സംഭവിക്കുകയുമായിരുന്നു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനും തുടർ മെഡിക്കൽ നടപടികൾക്കും കുടുംബം കാത്തിരിക്കുകയാണ്. നാല് വർഷം മുൻപ് നേഴ്‌സായി ജോലി ലഭിച്ചതിനെ തുടർന്ന് യുകെയിലെത്തിയ ചിഞ്ചുവിനൊപ്പം പിന്നീട് ഭർത്താവും മക്കളും ചേർന്നിരുന്നു. ഒരു വർഷം മുൻപാണ് കുടുംബം ബോസ്റ്റണിൽ സ്വന്തമായി വീട് വാങ്ങി താമസം തുടങ്ങിയത്.
എട്ടു വയസ്സുള്ള മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആൺമക്കളും നവജാത പെൺകുഞ്ഞും ഉൾപ്പെടെ നാല് മക്കളെയാണ് ചിഞ്ചു ബാക്കി വെച്ചിരിക്കുന്നത്. പ്രസവശുശ്രൂഷയ്ക്കായി യുകെയിലെത്തിയ മാതാപിതാക്കളായ തോമസും റോസമ്മയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കടുത്ത ദുഃഖത്തിലാണ്. ബോസ്റ്റൺ മേഖലയിലെ സീറോ-മലബാർ സഭയുടെ മാർ യൗസേപ്പ് മിഷനിലെ സജീവ അംഗങ്ങളായിരുന്ന എമിലും കുടുംബവും പ്രദേശത്തെ മലയാളി സമൂഹത്തിൽ സുപരിചിതരാണ്. ചിഞ്ചുവിന്റെ അപ്രതീക്ഷിത വേർപാട് യുകെയിലെ മലയാളി സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ചിഞ്ചു മമ്പള്ളിൽ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply