കൊല്ലം: വിയറ്റ്നാമിലെ ഫു ക്വോക് ദ്വീപിന് സമീപം നടന്ന ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. വിയറ്റ്നാമിൽ നിന്ന് മുംബൈ വഴി കൊണ്ടുവന്ന മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ശേഷം കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയിരുന്നു.
ഇന്ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കൊട്ടാരക്കര മാർത്തോമ ജൂബിലി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് 4 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും. ശേഷം കൊട്ടാരക്കര മാർത്തോമ വലിയ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. ജനപ്രതിനിധികളും സാമൂഹിക – രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഇന്നലെ അന്തിമോപചാരം അർപ്പിച്ചു.
ജൂലൈ 11-ന് ഫു ക്വോക് ദ്വീപിന് സമീപം വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് ദമ്പതികൾ ഉൾപ്പെടെ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചത്. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരും സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞതിനെ തുടർന്ന് വൻ രക്ഷാപ്രവർത്തനമാണ് നടന്നത്. അപകടകാരണം സംബന്ധിച്ച് വിയറ്റ്നാം അധികൃതർ അന്വേഷണം നടത്തുകയാണ്.











Leave a Reply