ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 16-ഉം 17-ഉം വയസുള്ള കൗമാരക്കാർ അർധരാത്രിക്ക് ശേഷം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്ന പുതിയ പദ്ധതിയുമായി ബ്രിട്ടൻ. അടുത്ത വർഷം മുതൽ ടിക്ടോക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ രാത്രി 12 മുതൽ രാവിലെ 6 വരെ ഉപയോഗം നിയന്ത്രിക്കുന്ന ക്രമീകരണം ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഉപയോക്താക്കൾക്ക് ഇത് മാറ്റാൻ കഴിയുമെങ്കിലും ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ വളർത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.

രാത്രി വൈകിയുള്ള സോഷ്യൽ മീഡിയ ഉപയോഗം ഉറക്കക്കുറവിനും ശ്രദ്ധക്കുറവിനും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. തുടർച്ചയായ വീഡിയോ പ്ലേ, അനന്തമായി സ്ക്രോൾ ചെയ്യാനുള്ള സംവിധാനങ്ങൾ തുടങ്ങിയ ആകർഷക ഫീച്ചറുകളും ഈ പ്രായക്കാർക്ക് നിയന്ത്രിക്കാനാണ് നിർദേശം. ഉറക്കവും പഠനത്തിലെ ഏകാഗ്രതയും മെച്ചപ്പെടുത്താൻ ഇത്തരം നിയന്ത്രണങ്ങൾ സഹായിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

അതേസമയം, നിയന്ത്രണങ്ങൾ നിർബന്ധമല്ലാത്തതിനാൽ അവയുടെ ഫലപ്രാപ്തിയെക്കുറിച്ച് ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസികൾ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 16 വയസിൽ താഴെയുള്ളവർക്കുള്ള സോഷ്യൽ മീഡിയ നിരോധനത്തിന്റെ തുടർച്ചയായാണ് പുതിയ നടപടി. കൗമാരക്കാരെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ നിയന്ത്രണങ്ങളും സർക്കാർ അവതരിപ്പിക്കുന്നത്.











Leave a Reply