ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കോവിഡ് ലോക്ക്ഡൗൺ കാലത്ത് ജനിച്ചതോ ബാല്യത്തിന്റെ ആദ്യ വർഷങ്ങൾ ആ കാലത്ത് ചെലവഴിച്ചതോ ആയ കുട്ടികൾക്ക് നാലാം വയസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദേശങ്ങൾ പാലിക്കാനും വികാരങ്ങൾ നിയന്ത്രിക്കാനും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി യുകെയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. ലാൻകാസ്റ്റർ സർവകലാശാല, ഡർഹം സർവകലാശാല, യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.

കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള ദീർഘകാല സ്കൂൾ അടച്ചിടൽ, സാമൂഹിക അകലം പാലിക്കൽ, സമപ്രായക്കാരുമായുള്ള ഇടപെടലുകളുടെ കുറവ് എന്നിവ കുട്ടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചതായാണ് പഠനത്തിലെ കണ്ടെത്തൽ. ശ്രദ്ധ നിലനിർത്തൽ, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടൽ, നിർദേശങ്ങൾ പിന്തുടരൽ, സ്വന്തം വികാരങ്ങളെ നിയന്ത്രിക്കൽ തുടങ്ങിയ കഴിവുകളുടെ വികസനത്തിൽ ലോക്ക്ഡൗൺ തലമുറയിലെ കുട്ടികൾ പിന്നിലായിരുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

പ്രത്യേകിച്ച് പ്രീ-സ്കൂൾ, റിസപ്ഷൻ ക്ലാസ് പ്രായത്തിലായിരുന്ന കുട്ടികളിലാണ് ഈ പ്രത്യാഘാതങ്ങൾ കൂടുതൽ പ്രകടമായത്. കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചിട്ടും അതിന്റെ സ്വാധീനം ചില കുട്ടികളിൽ തുടരാൻ സാധ്യതയുണ്ടെന്നും അതിനാൽ വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ നിന്ന് കൂടുതൽ പിന്തുണ ആവശ്യമായേക്കാമെന്നും പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.











Leave a Reply