ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള ഊർജ വിപണികളിൽ ആശങ്ക ശക്തമായി. ബ്രെന്റ് ക്രൂഡ് എണ്ണവില ബാരലിന് 87 ഡോളറിന് മുകളിലെത്തി. നാലുവർഷത്തിനിടയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ പ്രകൃതി വാതക വിലയും മാസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതത്തെച്ചൊല്ലിയുള്ള ആശങ്കയാണ് വിപണിയെ ബാധിച്ചത്.

എണ്ണവില ഉയർന്നതിന്റെ പ്രതിഫലനം ബ്രിട്ടനിലും പ്രകടമായി. ബ്രിട്ടീഷ് സർക്കാർ ബോണ്ടുകളുടെ വരുമാനനിരക്ക് (ഗിൽറ്റ് യീൽഡ്) മേയ് മാസത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഊർജവില വർധന പണപ്പെരുപ്പം വീണ്ടും ഉയർത്തുമെന്ന ആശങ്കയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് കുറയ്ക്കുന്നത് വൈകുകയോ വീണ്ടും വർധിപ്പിക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വിപണിയുടെ വിലയിരുത്തൽ.

ഇന്ധനവില വർധന ബ്രിട്ടനിലെ കുടുംബ ബജറ്റുകൾക്കും സമ്പദ്വ്യവസ്ഥയ്ക്കും അധിക സമ്മർദം സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. പെട്രോൾ, ഗ്യാസ് വിലകൾ കൂടുന്നതോടെ ഗാർഹിക ചെലവുകളും വർധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മധ്യപൗരസ്ത്യ മേഖലയിലെ അനിശ്ചിതത്വം തുടരുകയാണെങ്കിൽ ബ്രിട്ടനിലെ പണപ്പെരുപ്പത്തെയും സാമ്പത്തിക വളർച്ചയെയും അത് പ്രതികൂലമായി ബാധിക്കാമെന്നും വിലയിരുത്തപ്പെടുന്നു.











Leave a Reply