ലിവര്‍പൂള്‍: 1600 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള കാര്‍പാര്‍ക്കിലെ വാഹനങ്ങളെല്ലാം തീപ്പിടിത്തത്തില്‍ കത്തിനശിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവമുണ്ടായത്. കാര്‍ പാര്‍ക്കിന് സമീപത്തുള്ള അറീനയില്‍ ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്ന ഹോഴ്‌സ് ഷോ ഇതേത്തുടര്‍ന്ന് മാറ്റിവെച്ചു. കിംഗ്‌സ് ഡോക്കിലാണ് തീപ്പിടിത്തമുണ്ടായതെന്ന് മെഴ്‌സിസൈഡ് പോലീസ് അറിയിച്ചു. ബഹുനില കാര്‍ പാര്‍ക്കിലുണ്ടായിരുന്ന എല്ലാ വാഹനങ്ങളും അഗ്നിക്കിരയായെന്ന് പോലീസ് വ്യക്തമാക്കി.

12 ഫയര്‍ എന്‍ജിനുകളും ശ്വസന ഉപകരണങ്ങള്‍ ധരിച്ച അഗ്നിശമന സേനാംഗങ്ങളുമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ എത്തിയത്. തീപ്പിടിത്തത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹോഴ്‌സ് ഷോയ്ക്കായി എക്കോ അറീനയില്‍ എത്തിയവര്‍ പുകയില്‍ കുടുങ്ങി. സംഭവത്തില്‍ ആര്‍ക്കും അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് ലിവര്‍പൂള്‍ മേയര്‍ ജോ ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. ഷോയ്ക്കായി എത്തിച്ച കുതിരകള്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.

മൂന്നാം നിലയിലുണ്ടായിരുന്ന ലാന്‍ഡ് റോവറിനാണ് ആദ്യം തീപിടിച്ചത്. കുതിരകളെ ഒന്നാം ലെവലിലായിരുന്നു നിര്‍ത്തിയിരുന്നത്. തീപ്പിടിത്തമുണ്ടായതോടെ ഇവയെ അറീനയിലേക്ക് മാറ്റുകയായിയരുന്നു. വാഹനങ്ങളുടെ ഇന്ധന ടാങ്കുകളും ടയറുകളും പൊട്ടിത്തെറിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ ഹോഴ്‌സ് ഷോയ്ക്കായി അറീനയില്‍ 4000 പേര്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.