ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ പ്രമുഖ ഉരുക്ക് നിർമാതാക്കളായ ബ്രിട്ടീഷ് സ്റ്റീലിനെ സർക്കാർ ദേശീയവത്കരിച്ച നടപടിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി ചൈന. ചൈനീസ് കമ്പനികളുടെ ബ്രിട്ടനിലേക്കുള്ള നിക്ഷേപ വിശ്വാസത്തിന് ഈ തീരുമാനം ഗുരുതര തിരിച്ചടിയായെന്നാണ് ചൈനയുടെ വാണിജ്യ മന്ത്രാലയത്തിന്റെ പ്രതികരണം. ബ്രിട്ടീഷ് സ്റ്റീലിന്റെ മുൻ ഉടമകളായ ചൈനീസ് ജിങ്‌യെ ഗ്രൂപ്പിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ബെയ്ജിങ് ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കൺതോർപ്പിലെ സ്റ്റീൽ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചുപോകാനും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടമാകാനും സാധ്യത ഉയർന്നതോടെയാണ് ബ്രിട്ടീഷ് സർക്കാർ കമ്പനി പൊതുമേഖലയിലേക്കു മാറ്റിയത്. രാജ്യത്തിന്റെ ഉരുക്ക് ഉൽപാദന ശേഷിയും അടിസ്ഥാന സൗകര്യ പദ്ധതികൾക്കും പ്രതിരോധ മേഖലയ്ക്കും ആവശ്യമായ സ്റ്റീൽ വിതരണവും ഉറപ്പാക്കുന്നതിനായാണ് ഈ നടപടിയെന്നാണ് ലണ്ടന്റെ വിശദീകരണം.

ജിങ്‌യെ ഗ്രൂപ്പ് 2020-ലാണ് ബ്രിട്ടീഷ് സ്റ്റീൽ ഏറ്റെടുത്തത്. ദേശീയവത്കരണ നടപടിയിലൂടെ കമ്പനിയുടെ നിയമപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി ചൈന ആരോപിച്ചു. ചൈന–ബ്രിട്ടൻ നിക്ഷേപ സംരക്ഷണ കരാർ പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ദേശീയ താൽപര്യവും വ്യവസായ സുരക്ഷയും മുൻനിർത്തിയാണ് തീരുമാനമെടുത്തതെന്ന് ബ്രിട്ടീഷ് സർക്കാർ ആവർത്തിച്ചു.