ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്‍ ലൻഡിന്റെ തലസ്ഥാനമായ എഡിൻബറോയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ആർതേഴ്സ് സീറ്റിൽ വൻ തീപിടിത്തം ഉണ്ടായി. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് തീ പടർന്നത്. അഗ്നിബാധയെ തുടർന്ന് കനത്ത പുക നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ നാട്ടുകാരിലും സന്ദർശകരിലും ആശങ്ക പരന്നു. നിരവധി പേർ അടിയന്തിര സേവന വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീ അതിവേഗം പടരുന്നതായി റിപ്പോർട്ടുകളുണ്ട്. നാല് ഫയർ എഞ്ചിനുകളും പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് സ്കോട്ടിഷ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു. മലനിരയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തീ ഉയരുന്നതും കിലോമീറ്ററുകൾ അകലെ വരെ പുക കാണാനാകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നിലവിൽ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആളപായമോ പരിക്കുകളോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രദേശത്തെ വന്യജീവികൾക്ക് അപകടം സംഭവിച്ചേക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അഗ്നിബാധയെ കുറിച്ച് നിരവധി ഫോൺകോളുകൾ ലഭിച്ച സാഹചര്യത്തിൽ, സംഭവം അധികൃതർക്ക് അറിയാമെന്നും അനാവശ്യമായി വീണ്ടും വിളിക്കേണ്ടതില്ലെന്നും ഫയർ സർവീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.