കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന റിപ്പോർട്ടർ ടിവി എംഡി ആൻ്റോ ആഗസ്റ്റിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആൻ്റോയ്ക്ക് കോടതി ഉത്തരവ് ലഭിക്കുന്നതോടെ ജയിൽ മോചിതനാകാം.
മദ്യം കണ്ടെത്തിയ വീട് വായ്പാ കുടിശ്ശികയെ തുടർന്ന് ‘സർഫാസി’ നിയമപ്രകാരം ബാങ്ക് പിടിച്ചെടുത്ത് വിൽപന നടത്തിയതാണെന്നും നിലവിൽ വീടുമായി ഉടമസ്ഥാവകാശ ബന്ധമില്ലെന്നും ആൻ്റോ കോടതിയിൽ വാദിച്ചു. അതിനാൽ അവിടെനിന്ന് മദ്യം പിടിച്ചെടുത്തതിന് താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ രേഖകൾ പ്രകാരം കെട്ടിടത്തിന്റെ കൈവശാവകാശം ഇപ്പോഴും ആൻ്റോയുടെ പേരിലാണെന്നും വൈദ്യുതി, ജല ബില്ലുകൾ അദ്ദേഹത്തിന്റെ പേരിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അന്വേഷണത്തോട് പ്രതി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും കൈവശാവകാശവും സംബന്ധിച്ച് തർക്കങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ ആൻ്റോ ഇനിയും ജയിലിൽ തുടരേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.











Leave a Reply