കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ ലഹരിക്കടത്ത് കേസിൽ മൂന്നാമത്തെ അധ്യാപികയും അറസ്റ്റിലായി. പേരാമ്പ്ര ആവള കുട്ടോത്ത് വലിയപറമ്പിൽ നിഷ്മയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ അറസ്റ്റിലായ കീർത്തനയും കാവ്യയും ഉൾപ്പെടെ മൂന്ന് പേരും പേരാമ്പ്ര ബിആർസിയിലെ താത്കാലിക അധ്യാപികമാരാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ലഹരി ആവശ്യപ്പെടുന്നവരിൽ നിന്ന് പണം സ്വീകരിച്ച് എംഡിഎംഎ ഒളിപ്പിച്ചിട്ടുള്ള സ്ഥലത്തിന്റെ ലൊക്കേഷൻ ഗൂഗിൾ മാപ്പ് വഴി കൈമാറുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതിയെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് ലഹരി വിതരണ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ലഹരി വിൽപ്പനയിൽ നിന്നുള്ള തുക പ്രതികൾ തമ്മിൽ പങ്കിട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ അന്തർസംസ്ഥാന ലഹരി സംഘങ്ങളുമായും പ്രതികൾക്ക് ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അധ്യാപികമാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസത്തിനിടെ 9 ലക്ഷം രൂപയും എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട തുക നിഷ്മയുടെ അക്കൗണ്ടിലേക്കും എത്തിയെന്ന കണ്ടെത്തലാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.