തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയുടെ തീവ്രത ചിലയിടങ്ങളിൽ കുറഞ്ഞെങ്കിലും വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മഴക്കെടുതികളുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. വെള്ളപ്പാച്ചിലിൽ കാണാതായ ഏഴുപേർക്കായി വിവിധ ജില്ലകളിൽ തിരച്ചിൽ തുടരുകയാണ്. 353 ദുരിതാശ്വാസ ക്യാംപുകളിലായി 13,000ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പമ്പാ നദിയിലെ ജലനിരപ്പ് ഉയരുകയും പത്തനംതിട്ട ജില്ലയിലെ പല താഴ്ന്ന പ്രദേശങ്ങളിലും വീണ്ടും വെള്ളം കയറിത്തുടങ്ങുകയും ചെയ്തത് ആശങ്ക വർധിപ്പിച്ചു.

പത്തനംതിട്ടയും കോട്ടയവും ജില്ലകളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായത്. കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ നിന്നെത്തിയ വെള്ളം പടിഞ്ഞാറൻ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. നിരവധി വീടുകളിലും റോഡുകളിലും വെള്ളം കയറിയതോടെ ജനജീവിതം പ്രതിസന്ധിയിലായി. മലപ്പുറം, ഇടുക്കി, കാസർകോട് ജില്ലകളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂരിൽ കടൽക്ഷോഭത്തെ തുടർന്ന് അണ്ടത്തോട്–പെരിയമ്പലം ലിങ്ക് റോഡിന്റെ ഭാഗം കടലെടുത്തതും ആശങ്ക സൃഷ്ടിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വയനാട്ടിലും അവധി നൽകിയിട്ടുണ്ട്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.