തിരുവനന്തപുരം ∙ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ.ശ്രീലേഖ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം രാജിവച്ചു. ശാസ്തമംഗലം വാർഡിൽനിന്നുള്ള ബിജെപി കൗൺസിലറായിരുന്ന ശ്രീലേഖ മേയർ വി.വി.രാജേഷിന്റെ ഓഫിസിലാണ് രാജിക്കത്ത് നൽകിയത്. രാജിക്കത്ത് കോർപറേഷൻ സെക്രട്ടറി സ്വീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം. തിങ്കളാഴ്ച കലക്ടർക്കും കത്ത് നൽകുമെന്ന് അവർ വാട്‌സാപ് ഗ്രൂപ്പിലൂടെ അറിയിച്ചു. ശ്രീലേഖയുടെ രാജിയോടെ 101 അംഗ തിരുവനന്തപുരം കോർപറേഷൻ കൗൺസിലിൽ ബിജെപിയുടെ അംഗസംഖ്യ 49 ആയി. എൽഡിഎഫിന് 29, യുഡിഎഫിന് 20, സ്വതന്ത്രർക്ക് 2 സീറ്റുകളുമാണുള്ളത്.

ശ്രീലേഖയെ രാജിയിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപി നേതൃത്വം ആരംഭിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ് വിവരം. രാജി സംബന്ധിച്ച് ശ്രീലേഖ കത്ത് നൽകിയതായി മേയർ വി.വി.രാജേഷും സ്ഥിരീകരിച്ചു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയതെന്നും പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മേയർ പറഞ്ഞു. രാജിക്കത്ത് നൽകേണ്ടത് നഗരസഭാ സെക്രട്ടറിക്കാണെന്നും വിഷയത്തിൽ ബിജെപി നേതൃത്വം ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശ്രീലേഖയുടെ രാജിയെക്കുറിച്ച് തനിക്ക് നേരത്തെ അറിവില്ലായിരുന്നുവെന്ന് ഡപ്യൂട്ടി മേയർ ആശാനാഥ് പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിജെപി നേതൃത്വവുമായി ശ്രീലേഖയ്ക്ക് നേരത്തെ തന്നെ വിവിധ വിഷയങ്ങളിൽ അഭിപ്രായഭിന്നതകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കോർപറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിൽ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ ബിജെപി ഉയർത്തിക്കാട്ടിയിരുന്ന ശ്രീലേഖയ്ക്ക് പകരം വി.വി.രാജേഷിനെ മേയറാക്കുകയായിരുന്നു. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു ശ്രീലേഖ. പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ലെന്ന വിമർശനങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൗൺസിലർ സ്ഥാനത്തുനിന്നുള്ള അപ്രതീക്ഷിത രാജി.