വിശാഖ് എസ് രാജ്

മിസൈലുകൾ പതിക്കുന്നതിന് മുൻപേ ആ നഗരവുമെടുത്ത് അയാൾ ഓടിക്കഴിഞ്ഞു. കടലിൽ തടിക്കഷ്ണംപോലെ പൊങ്ങിക്കിടന്ന് തീരത്തെത്തി. മരുഭൂമിയിൽ ഒട്ടകത്തെപ്പോലെ ഊർജ്ജം സംഭരിച്ചു. കുത്തനെയുള്ള കയറ്റങ്ങളിൽ പല്ലിപോലിഴഞ്ഞു… നഗരവും ചുമന്ന് ഏറ്റവും അടുത്തുള്ള അഭയാർത്ഥി ക്യാമ്പിലെത്താൻ രണ്ടായിരം വർഷമെടുത്തു. അതിര് വളച്ചു കെട്ടിയ ഏതൊരു രാജ്യത്തേക്കാളും വലുതായിരുന്നു ക്യാമ്പ്. സംഖ്യകൾ തികയാതെവരും അവിടുത്തെ ആകെ മനുഷ്യരുടെ എണ്ണമെടുക്കാൻ. വിശദീകരണം ഒന്നുമില്ലാതെതന്നെ അവർ അയാളെ സ്വീകരിച്ചു. പതിനായിരംപേർ ഒത്തുപിടിച്ചെങ്കിലും തളർന്ന തോളിൽനിന്ന് നഗരം താഴെയിറങ്ങിയില്ല. അതിന് മറ്റൊരു പതിനായിരംകൂടി വേണ്ടിവന്നു. തന്റെ ദൗത്യം പൂർത്തിയായി എന്ന മട്ടിൽ അയാൾ ഉടനെ നിലത്തേക്ക് വീഴുകയും ചെയ്തു.

മരിച്ചു ; എല്ലാവരും കരുതി. പക്ഷേ അയാൾ ഉറങ്ങുകയായിരുന്നു. നൂറ്റാണ്ടുകൾ നീണ്ട അലച്ചിലിന്റെ ക്ഷീണം…അയാളെ ഉറങ്ങാൻവിട്ട് ഉറപ്പില്ലാത്ത മണ്ണിൽ ഇറക്കിവെച്ച നഗരത്തെ നോക്കി അവർ അത്ഭുതംകൊണ്ടു. തകർന്ന വീടിന്റെ ഇഷ്‌ടകപ്പൊടിപോലും എടുത്തുവെയ്ക്കാൻ കഴിയാതെ പോയവർ. ജീവൻ മാത്രം കൈയ്യിൽപ്പിടിച്ച് ഓടുകയായിരുന്നു.
അപ്പോഴാണൊരാൾ ഒരു നഗരം മുഴുവനായും..

മൂന്നാം മാസം അയാൾ ഉണർന്നു.

ചോദ്യങ്ങൾ അയാൾക്ക് മുന്നിൽ വരി നിന്നു. അവയുടെ എണ്ണം , വരുന്ന വഴിയിൽ കാണേണ്ടിവന്ന മൃതദേഹങ്ങളേക്കാൾ അധികം.

ഒരു വെടിയുണ്ട തുളച്ച പാടുപോലുമില്ലാത്ത ഈ നഗരം ശരിക്കുള്ളതോ ? കൺകെട്ടോ ? വരാനിരിക്കുന്നതോ ? അവിടെ മനുഷ്യർ ചിരിച്ചുല്ലസിക്കുന്നത് വെറും അഭിനയമല്ലേ ? നിരോധനാജ്ഞയില്ലേ ? രാത്രിയിൽ ആളുകൾ ഇറങ്ങി നടക്കുന്നല്ലോ. അപായ സൈറൺ മുഴങ്ങാറില്ലേ ? ആ പൂക്കളുടെ നിറം ചുവപ്പോ അതോ ചോര തെറിച്ചതോ ? എല്ലാ വീട്ടിലും ബങ്കറുകൾ ഉണ്ടോ ? അതിർത്തിയിൽ……..?

ചോദ്യങ്ങളൊന്നും അയാൾ കേട്ടില്ലെന്ന് തോന്നി. അഥവാ എല്ലാം കേൾക്കുകയും എല്ലാത്തിനും ഒറ്റ വരിയിൽ ഉത്തരം നല്കുകയും ചെയ്തു.
” അതൊഴിവാക്കാനാണ് ഞാനീ ചുമടെടുത്തത് ” അയാൾ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവർ അയാൾക്ക് താമസിക്കാൻ ഒരു ടെന്റ് നിർമ്മിച്ചു നൽകി. അതിന്റെ ഒരു മൂലയിൽ നഗരമൊതുക്കി വെച്ചു. ഇട്ടാവട്ട ഭൂമിയിൽ ഇനിയുമെത്ര സ്ഥലം മിച്ചമുണ്ടെന്ന് അയാൾ അത്ഭുതപ്പെട്ടു. എങ്കിലും പുതിയ മണ്ണിൽ വേരുറയ്ക്കാനാണ് പാട്. ഇനി അതിനെത്ര കാലമെന്നോർത്തു കിടക്കെ , പുറത്ത് പട്ടാള ബൂട്ടുകൾ മാർച്ച് ചെയ്‌തു വരുന്ന ശബ്ദം അയാൾ കേട്ടു.

വിശാഖ് എസ് രാജ്:- കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം ( 2017 ) , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.