ഹരിപ്പാട്: കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടി ചെട്ടിയാരെ കൊലപ്പെടുത്തിയ കേസിൽ എട്ടാം ക്ലാസുകാരിയുടെ പങ്ക് നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിലും മറ്റ് കൗമാരക്കാരായ പ്രതികൾ പിടിയിലാകുന്നതുവരെ പോലീസ് കാത്തിരുന്നു. പെൺകുട്ടിയെ രഹസ്യമായി നിരീക്ഷിച്ച അന്വേഷണ സംഘം പലതവണ വിവരങ്ങൾ ചോദിച്ചെങ്കിലും കുറ്റകൃത്യത്തിലെ പങ്കാളിത്തം മനസ്സിലാക്കിയെന്ന സൂചന നൽകിയില്ല. പെൺകുട്ടിയുടെ ഫോൺ വിളികളും സുഹൃത്തുക്കളിൽനിന്ന് ലഭിച്ച വിവരങ്ങളും പരിശോധിച്ചാണ് കൊല്ലത്തുള്ള കൂട്ടുപ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
കൊലപാതകം പുറത്തറിഞ്ഞ തിങ്കളാഴ്ച പെൺകുട്ടി ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് പോയെന്നും പിന്നീട് രണ്ടുതവണ തിരിച്ചെത്തി ശിവൻകുട്ടി ചെട്ടിയാരെ അന്വേഷിച്ചെന്നുമാണ് മൊഴി നൽകിയത്. വീട്ടുകാരുമായി പിണങ്ങി സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്നും പറഞ്ഞു. ഇതിനിടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പോലീസ് രഹസ്യമായി നിരീക്ഷിച്ചു. പരവൂരിലെത്തിയ അന്വേഷണ സംഘം കൊലപാതകത്തിനുശേഷം സാധാരണ നിലയിൽ സുഹൃത്തുക്കളുടെ വീടുകളിൽ കഴിഞ്ഞിരുന്ന കൗമാരക്കാരെ കണ്ടെത്തി. ആദ്യം പിടിയിലായ പ്ലസ് ടു വിദ്യാർഥിയെ ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽനിന്ന് പെൺകുട്ടിയെ മാറ്റിനിർത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യത്തിലെ പങ്കാളിത്തം സമ്മതിച്ചത്. കൊലപാതകം നടന്ന വീട്ടിൽനിന്ന് പ്രതികൾ മോഷ്ടിച്ച ബോഡി സ്പ്രേയും പോലീസ് കണ്ടെടുത്തു. പ്രതികൾ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി ഫോൺവിളി രേഖകൾ ശേഖരിച്ചിട്ടുണ്ടെന്നും എൻ.ഡി.പി.എസ് കേസുകളുമായി ബന്ധമുള്ളവരുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.











Leave a Reply