സതീഷ് ബാലകൃഷ്ണൻ
പുളിങ്കുന്ന് പള്ളിയിലെ അള്‍ത്താരയില്‍ അവസാനം മണിമുഴങ്ങിയത് എന്നായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ മത്തായിച്ചേട്ടന് ഒന്നു ശ്രമിച്ചു. ഇല്ല, ഓര്‍മ്മകളുടെ പായല്പിടിച്ച ചുവരുകളില്‍ എവിടെയോ ആ ശബ്ദം മറഞ്ഞുപോയിരിക്കുന്നു. സ്വന്തം വീടിന്റെ ഉമ്മറത്താകട്ടെ, ആത്മബന്ധങ്ങളുടെ ആ അള്‍ത്താരമണി അതിനേക്കാള്‍ എത്രയോ മുന്‍പേ നിലച്ചുപോയിരുന്നു.
കുട്ടനാട്, ആകാശം തൊട്ടുരുമ്മി നില്ക്കുന്ന പച്ചപ്പാടങ്ങള്‍. സമുദ്രനിരപ്പിന് താഴെ, ദൈവത്തിന്റെ സ്വന്തം നാടിന്റെ ഉള്ളറയാണ് അത്. പച്ചപ്പുതപ്പ് വിരിച്ചതുപോലെയുള്ള നെല്‍വയലുകള്‍. കാറ്റടിക്കുമ്പോള്‍ ആ പച്ചനെല്‍ക്ക തിരുകള്‍ ഒന്നിച്ച് തലയാട്ടും, കടലിലെ തിരമാലകള്‍ പോലെ. കരകാണാപ്പച്ചക്കടല്‍!
മത്തായിച്ചേട്ടന്റെയും അന്നമ്മച്ചേട്ടത്തിയുടെയും വീട് ആ പള്ളിയുടെ തൊട്ടുപിറകിലാണ്. മുറ്റത്തിറങ്ങി നിന്നാല്‍ പള്ളിഗോപുരം കാണാം. മുന്നില്‍ അനന്തമായി പരന്നുകിടക്കുന്ന പുഞ്ചപ്പാടം. വീടിന് തൊട്ടുപിന്നിലൂടെ ഒഴുകുന്ന ഒരു ചെറിയ തോടുണ്ട്. അതില്‍ ആമ്പലുകള്‍ പൂത്തുലഞ്ഞു നില്‍ക്കുകയാണ്; വെള്ളയും പിങ്കും കലര്‍ന്ന വിസ്മയം. പുലര്‍ച്ചെകളില്‍ മഞ്ഞുതുള്ളികള്‍ ആമ്പലിതളുകളില്‍ മുത്തുകള്‍ പോലെ ഉരുണ്ടുകളിക്കും.
പണ്ട്, ഞായറാഴ്ചകളില്‍ കുര്‍ബാന കഴിഞ്ഞ് ഇറങ്ങുമ്പോള്‍ പള്ളിപ്പറമ്പില്‍ നിന്ന് നോക്കിയാല്‍ കുട്ടനാട് മുഴുവന്‍ കണ്ണില്‍ക്കൊള്ളാമായിരുന്നു. കുഞ്ഞു തുരുത്തുകള്‍, ആ തുരുത്തുകളില്‍ ഓടുമേഞ്ഞ കുഞ്ഞു വീടുകള്‍. സായാഹ്ന ങ്ങളില്‍ പടിഞ്ഞാറന്‍ ആകാശം ചെമ്പരത്തിപ്പൂവിന്റെ ചോരച്ചുവപ്പണിയുമ്പോള്‍, വേമ്പനാട്ടുകായലില്‍ ആ നിറം വന്ന് പ്രതിഫലിക്കും. അപ്പോള്‍ കുട്ടനാട് മുഴുവന്‍ ഒരു കുഞ്ഞു സ്വര്‍ഗ്ഗം പോലെ തോന്നിപ്പിക്കുമായിരുന്നു.
ഇപ്പോഴും പള്ളിമണി മുഴങ്ങുന്നുണ്ട്, പക്ഷേ അതിന് പഴയ ഗാംഭീര്യമില്ല. അന്നമ്മച്ചേട്ടത്തി ചായ ഗ്ലാസുകളുമായി വരാന്തയിലേക്ക് വന്നു. മത്തായിച്ചേട്ടന്റെ അരികിലിരുന്നു. പക്ഷേ പുറത്തെ ആ സുന്ദര ദൃശ്യം ആസ്വദിക്കാന്‍ അവളുടെ കണ്ണുകളില്‍ പഴയ തിളക്കമില്ലായിരുന്നു. ആ കണ്ണുകളില്‍ ഇപ്പോള്‍ സങ്കടത്തിന്റെ ഒരു കായല്‍ ഇരമ്പുന്നുണ്ട്.
വീടിന്റെ ചുവരിലേക്ക് നോക്കിയാല്‍ വലിയൊരു കുടുംബചിത്രം കാണാം. പശ്ചാത്തലത്തില്‍ ഇതേ പാടം, ഇതേ തോട്, ഇതേ തെങ്ങുകള്‍. പക്ഷേ, ആ ഫോട്ടോയിലുള്ള മനുഷ്യര്‍ ഇന്ന് ഈ മണ്ണിലില്ല. മൂത്തമകന് ജോസഫ് ന്യൂയോര്‍ക്കിലാണ്. രണ്ടാമത്തവള്‍ മെര്ലിന് ലണ്ടനിലും, ഇളയവന് തോമസ് ഡബ്ലിനിലും. പാടവും കായലും തോടും മാത്രം ബാക്കിയായി. ആമ്പല്‍ വീണ്ടും പൂക്കുന്നു, കായല്‍ ഇപ്പോഴും ഒഴുകുന്നു; പക്ഷേ മനുഷ്യര്‍ മാത്രം ആ ഒഴുക്കില്‍ എങ്ങോട്ടോ ഒലിച്ചുപോയിരിക്കുന്നു!
‘രാത്രികളില്‍ സിമിത്തേരിയിലെ കുരിശുകള്‍ കാറ്റിലടിയുമ്പോള്‍ എനിക്ക് പേടിയല്ല, സങ്കടമാണ് തോന്നാറ് അന്നമ്മേ…’ മത്തായിച്ചേട്ടന് പതുക്കെ പറഞ്ഞു. ‘നാളെ നമ്മള് മരിച്ചു കിടക്കുമ്പോഴും ഈ ഭംഗി കാണാന്‍ ഇവിടെ ആരുമില്ലാതെ പോകുമല്ലോ? എന്റെ കുഴിമാടത്തില്‍ നിന്ന് നോക്കിയാല്‍ പോലും ഈ പാടം കാണാം. പക്ഷേ ആസ്വദിക്കാന്‍ ഞാന്‍ ഉണ്ടാവില്ലല്ലോ…’
കുട്ടനാട്ടിലെ സന്ധ്യകള്‍ക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. പടിഞ്ഞാറ് സൂര്യന് താഴുമ്പോള്‍ വേമ്പനാട്ടുകായല്‍ ഉരുക്കിയ സ്വര്‍ണ്ണം പോലെ തിളങ്ങും. ആകാശത്ത് മേഘങ്ങള്‍ക്ക് തീപിടിച്ചതുപോലെ തോന്നും. ദൂരെ വള്ളങ്ങള്‍ തുഴഞ്ഞ് തുഴഞ്ഞ് കരയിലേക്ക് അടുക്കും. വെള്ളം കയറ്റിനിര്‍ത്തിയ പാടങ്ങളില്‍ വരാലുകള്‍ തുള്ളിച്ചാടുന്ന ശബ്ദം കേള്‍ക്കാം. രാത്രിയായാല്‍ വെള്ളത്തില്‍ നക്ഷത്രങ്ങള്‍ തെളിയും. ആകാശം താഴെയും ഭൂമി മുകളിലും ആണെന്ന് തോന്നിപ്പിക്കുന്ന മായാജാലം.
പണ്ട് ആലപ്പുഴയില്‍ കപ്പലണ്ടി കച്ചവടം നടത്തി വള്ളത്തില്‍ തിരിച്ചു വരുമായിരുന്ന ആ പഴയ കാലം മത്തായിച്ചേട്ടന് ഓര്‍ത്തു. ഇരുവശവും പച്ചപ്പ്, കുലച്ചുനില്‍ക്കുന്ന തെങ്ങിന്തോപ്പുകള്, കായലില്‍ പായവിരിച്ച വള്ളങ്ങള്‍… എന്തൊരു ആവേശമായിരുന്നു അന്ന്!
ജോസഫ് അമേരിക്കയിലേക്ക് വിമാനം കയറിയത് 2008-ലായിരുന്നു. പോകുന്നതിന് തൊട്ടുമുന്‍പ്, ആ പച്ചപ്പാടവരമ്പത്ത് വെച്ച് അപ്പന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് അവന് പറഞ്ഞു: ‘അപ്പാ, ഞാന്‍ തിരിച്ചുവരും. ഈ പാടം നോക്കിനടത്താന്‍ ഞാന്‍ വരും.’
മത്തായിച്ചേട്ടന് അന്ന് മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു കരഞ്ഞു. അവര്‍ക്ക് പിന്നില്‍ സൂര്യന് അസ്തമിക്കുകയായിരുന്നു. അച്ഛന്റെയും മകന്റെയും നിഴലുകള്‍ ആ പാടത്തേക്ക് നീണ്ടുനീണ്ടു കിടന്നു. ഇന്ന് ആ പാടം തരിശാണ്. കാടുപിടിച്ചു കിടക്കുന്നു. പണ്ട് പൊന്നുവിളഞ്ഞിരുന്ന മണ്ണ് ഇന്ന് വെറുമൊരു പാഴ്മണ്ണായി മാറിയിരിക്കുന്നു. മകന്റെ നിഴല്‍ പോലും അവിടെനിന്നും മാഞ്ഞുപോയി.
ഇപ്പോള്‍ മകള്‍ മെര്ലിന് ലണ്ടനില്‍ നിന്ന് വീഡിയോ കോള്‍ ചെയ്യും. ലണ്ടനിലെ തേംസ് നദി കാണിച്ച് അവള് പറയും: ‘അമ്മേ, ഇവിടെയും വലിയ വെള്ളമുണ്ട്. പക്ഷേ നമ്മുടെ കായലിന്റെ ആ ഒരു ഭംഗിയില്ല കേട്ടോ’
അപ്പോള്‍ അന്നമ്മച്ചേട്ടത്തി ഫോണിന്റെ ക്യാമറ പുറകിലെ തോട്ടിലേക്ക് തിരിച്ചുപിടിക്കും: ‘ഇതാ മോളേ, നമ്മുടെ തേംസ്. നോക്ക്, ആമ്പലുകള്‍ പൂത്തുനില്‍ക്കുന്നത് കണ്ടോ?’
‘നെക്സ്റ്റ് ഇയര്‍ ഞാന്‍ ഉറപ്പായും വരും അമ്മേ…’ മെര്ലിന് പറയും.
‘അടുത്ത വര്‍ഷം’ കുട്ടനാട്ടിലെ വൃദ്ധരായ മാതാപിതാക്കളുടെ കലണ്ടറുകളില്‍ ഒരിക്കലും വന്നെത്താത്ത പതിമൂന്നാമത്തെ മാസത്തിന്റെ പേരാണത്!
കര്‍ക്കിടകം വന്നാല്‍ കുട്ടനാട്ടിലെ മഴയ്ക്ക് ഒരുതരം ഭ്രാന്താണ്. ഇടിമിന്നലിന്റെ വെളിച്ചത്തില്‍ പാടശേഖരങ്ങള്‍ ഒരു നിമിഷം വെള്ളി കൊലുസിട്ടതുപോലെ തിളങ്ങിമറിയും. വീടിന് ചുറ്റും വെള്ളം കയറി വീട് ഒരു ഒറ്റപ്പെട്ട ദ്വീപാകും. ജനാല തുറന്നാല്‍ കണ്ണെത്താ ദൂരത്തോളം വെള്ളം മാത്രം.
അങ്ങനെയൊരു മഹാമഴയത്താണ് അന്നമ്മച്ചേട്ടത്തിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഒരു സന്ദേശം വന്നത്: ‘പുളിങ്കുന്ന് പള്ളിയില്‍ വെള്ളം കയറി. എല്ലാവരും പ്രാര്‍ത്ഥിക്കണേ…’
തൊട്ടുതാഴെ പ്രവാസികളായ മക്കളുടെ മറുപടികള്‍ പ്രവഹിച്ചു:
“Praying from Toronto!”
“Praying from Melbourne!”
മത്തായിച്ചേട്ടന് ഒരു ദീര്‍ഘശ്വാസമെടുത്തു: ‘പ്രാര്‍ത്ഥനകളൊക്കെ ഡിജിറ്റലായി അന്നമ്മേ… പക്ഷേ ഈ കയറിവരുന്ന വെള്ളം മാത്രം ഇപ്പോഴും അനലോഗ് ആണ്!’
വീട്ടുമുറ്റത്ത് മുട്ടൊപ്പം വെള്ളമെത്തിനില്‍ക്കുമ്പോഴാണ് ഇളയമകന് തോമസിന്റെ ഫോട്ടോ വരുന്നത്: “Dad, snow in Dublin!” വെളുത്ത മഞ്ഞിന്റെ ചിത്രം.
മത്തായിച്ചേട്ടന് ജനാലയിലൂടെ പുറത്തേക്ക് നോക്കി. അവിടെ വെളുത്ത മഞ്ഞല്ല, പച്ചപ്പാണ് പച്ചപ്പാടം, പച്ചവെള്ളം, രണ്ട് ലോകം, രണ്ട് നിറം! മത്തായിച്ചേട്ടന് ഫോണ്‍പാടത്തേക്ക് തിരിച്ചുപിടിച്ച് മകന് കാണിച്ചുകൊടുത്തു. മഴ പെയ്തു തോര്‍ന്ന പാടം. വെള്ളം കെട്ടിക്കിടക്കുന്നു. അതില്‍ ആകാശം പ്രതിഫലിക്കുന്നുണ്ട്.
‘ഇങ്ങനെയാ മോനേ ഇവിടെ… സുന്ദരമാ. പക്ഷേ, ഇതൊക്കെ ഒറ്റയ്ക്ക് കണ്ടിട്ട് എന്താ കാര്യം?’ അദ്ദേഹം പതുക്കെ പിറുപിറുത്തു.
രാത്രി മഴ തോരുമ്പോള്‍ ആകാശം തെളിയും. കായലില്‍ ലക്ഷക്കണക്കിന് നക്ഷത്രങ്ങള്‍ വന്ന് വീഴും. കായല്‍ പരപ്പില്‍ ലക്ഷം ദീപങ്ങള്‍ കത്തുന്നത് പോലെ. തോണിക്കാര്‍ വിളക്കുകള്‍ കത്തിച്ച് മീന്‍പിടിക്കാന്‍ പോകും. ദൂരെ നിന്ന് നോക്കിയാല്‍ കായല്‍ ഒരു ‘ആകാശഗംഗ’ പോലെ തോന്നും. അന്നമ്മച്ചേട്ടത്തി മിണ്ടാതെ അത് നോക്കിനില്ക്കും.
‘ഈ ഭംഗി കാണാന്‍ എന്റെ മക്കള്‍ കൂടി ഇവിടെ ഉണ്ടായിരുന്നെങ്കില്‍…’ അവള് ഉള്ളുരുകി പ്രാര്‍ത്ഥിക്കും. ദൈവം ആ പ്രാര്‍ത്ഥന കേള്‍ക്കുന്നുണ്ടാകാം, പക്ഷേ മക്കള്‍ കേള്‍ക്കില്ല. അവര്‍ ദൂരെ, വേറെ ആകാശത്തിലെ നക്ഷത്രങ്ങള്‍ എണ്ണുന്ന തിരക്കിലാണ്.
വേനല്‍ക്കാലമായാല്‍ കുട്ടനാട്ടിലെ പാടങ്ങള്‍ വിണ്ടുകീറും. എങ്കിലും തോടുകളില്‍ തെളിഞ്ഞ വെള്ളമുണ്ടാകും. അടിയിലെ മണല്‍ത്തരികള്‍ വരെ കാണാം. പണ്ട് വേനലില്‍ ആ മണല്‍പ്പുറത്ത് കുട്ടികള്‍ കളിക്കുമായിരുന്നു. ഇപ്പോള്‍ അവിടെ കുട്ടികളില്ല. കുട്ടികളില്ലാത്തതുകൊണ്ട് നാട്ടിലെ സ്കൂളും പൂട്ടി. ആ പള്ളിക്കൂടം ഇപ്പോള്‍ ഒരു ശ്മശാനം പോലെയാണ്. ക്ലാസ്സ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ അവസാനം എഴുതിയ കണക്ക് മായാതെ കിടപ്പുണ്ട് 2+2=4. കണ ക്കൊക്കെ ശരിയാണ്, പക്ഷേ ഈ മനുഷ്യരുടെ ജീവിതം മാത്രം എവിടെയോ തെറ്റിപ്പോയി!
പിന്നീടാണ് 2018-ലെ ആ മഹാപ്രളയം വരുന്നത്. കുട്ടനാട് ഒരു വലിയ കായലായി മാറി. വീടുകള്‍ വെള്ളത്തിനടിയിലായി. തെങ്ങിന്റെ മണ്ടകള്‍ മാത്രമാണ് പുറത്തു കണ്ടത്. ബോട്ടുകള്‍ വീടുകളുടെ മുകളിലൂടെ പാഞ്ഞുപോയി. നോഹയുടെ പെട്ടകത്തിന്റെ കാലം!
മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ദൂരെ പള്ളിഗോപുരം പകുതിയും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് അവര്‍ കണ്ടു. പക്ഷേ, മുകളിലെ കുരിശ് മാത്രം മുങ്ങാതെ പുറത്തുണ്ടായിരുന്നു. വെള്ളത്തിന് മുകളില്‍, തലയുയര്‍ത്തി… തങ്ങളുടെ വിശ്വാസം പോലെ!
വെളളം ഇറങ്ങിയപ്പോള്‍ കനത്ത ചെളി ബാക്കിയായി. ആ ചെളിയില്‍ കുട്ടനാടിന്റെ കണ്ണീരിന്റെ ചരിത്രമുണ്ടായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പള്ളി കഴുകി വൃത്തിയാക്കി, അള്‍ത്താര തുടച്ചുമിന്നിച്ച് വീണ്ടും കുര്‍ബാന തുടങ്ങി. പക്ഷേ, പള്ളിയില്‍ ആളില്ലായിരുന്നു!
മുന്‍ബെഞ്ചില്‍ മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും മാത്രം. പിന്നില്‍ വിറയ്ക്കുന്ന കൈകളോടെ രണ്ട് വയസ്സായ അപ്പച്ചന്മാര്. ‘സമാധാനം നിങ്ങളോടുകൂടെ…’ എന്ന് വൈദികന് പറയുമ്പോള്‍ മറുപടി ചൊല്ലാന്‍ അവിടെ ആകെ നാലുപേര്‍ മാത്രം!
പുറത്ത് പാടത്ത് വന്‍യന്ത്രങ്ങള്‍ കൊയ്ത്ത് നടത്തുന്നുണ്ടായിരുന്നു. മനുഷ്യരില്ല. പണ്ട് കൊയ്ത്തുകാലത്ത് പാടവരമ്പുകളില്‍ കൊയ്ത്തുപാട്ടുകള്‍ ഉയരുമായിരുന്നു ‘എല്ലോ എല്ലോ എല്ലോലോ…’ ഇന്ന് യന്ത്രങ്ങളുടെ കഠിനമായ മുരള്‍ച്ച മാത്രം. പാടത്തിന്റെ സംഗീതം നഷ്ടപ്പെട്ടു, കുട്ടനാടിന് അതിന്റെ ശബ്ദവും നഷ്ടപ്പെട്ടു.
സന്ധ്യയ്ക്ക് പടിഞ്ഞാറന്‍ ആകാശം വീണ്ടും ചെമ്പരത്തി നിറമായി. കായലില്‍ അത് പ്രതിഫലിച്ചു. പക്ഷേ, അത് കണ്ട് കണ്ണുനിറയാന്‍ അവിടെ മനുഷ്യരില്ലായിരുന്നു. ഭംഗി അനാഥമായി, പ്രകൃതി ഒരു വിധവയെപ്പോലെയായി!
മകരക്കൊയ്ത്ത് കഴിഞ്ഞ പാടം. ട്രാക്ടറില്‍ ഘടിപ്പിച്ച യന്ത്രങ്ങള്‍ വൈക്കോലുകള്‍ കെട്ടുകളാക്കി പാടത്ത് ഉപേക്ഷിച്ചിരിക്കുന്നു. അതിനു മുകളില്‍ നീലാകാശമുണ്ട്, താഴെ സ്വര്‍ണ്ണ വൈക്കോല്‍ക്കൂട്ടങ്ങള്‍. അതിനിടയിലൂടെ വെളുത്ത കൊക്കുകള്‍ പറന്നുനടക്കുന്നു. പണ്ട് കറ്റകെട്ടുന്നവരും കളങ്ങളില്‍ കറ്റമെതിക്കുന്നവരുമായി ഒരു ഉത്സവമായിരുന്നു. ഇപ്പോള്‍ ആ വൈക്കോല്‍ ക്കൂനകളില്‍ വന്ന് തട്ടിവിളിക്കുന്ന കാറ്റ് മാത്രം ബാക്കി.
അതിനിടയിലാണ് തോമസിന്റെ ആഹ്ലാദവാര്‍ത്ത വരുന്നത്: ‘അപ്പാ, ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു!’
കേട്ടപാടെ മത്തായിച്ചേട്ടന് വീട്ടുമുറ്റത്തേക്ക് ഇറങ്ങിനിന്നു. മുന്നില്‍ പാടം, പാടത്തിനപ്പുറം കായല്‍, കായലിനപ്പുറം ആകാശം. എല്ലാം ഒന്നുചേരുന്ന ചക്രവാളത്തില്‍ സൂര്യന് ജ്വലിച്ചുനില്ക്കുന്നു.
അദ്ദേഹം ഫോണിലൂടെ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു: ‘മോനേ… കുഞ്ഞ് ജനിക്കുമ്പോള്‍, ഒരുപിടി മണ്ണ് അവന്റെ കാല്ക്കീഴില് വെക്കണം. കുട്ടനാട്ടിലെ മണ്ണ് അവന് അറിയട്ടെ. അവന്റെ വേരുകള്‍ കിടക്കുന്നത് ഈ പച്ചപ്പാടത്താണെന്ന് അവന് മനസ്സിലാക്കട്ടെ…’
അരികില്‍ വന്ന് അന്നമ്മച്ചേട്ടത്തി വിളിച്ചുപറഞ്ഞു: ‘മോനേ, ഞാന്‍ ഇവിടുത്തെ തോട്ടിലെ, ആമ്പല്‍ പൂക്കുന്ന തോട്ടിലെ വെള്ളം ഒരു ഭരണിയിലാക്കി അയച്ചുതരാം. കുഞ്ഞിനെ ആദ്യം അതില്‍ കുളിപ്പിക്കണം!’
മകന് അപ്പുറത്തിരുന്ന് പതുക്കെ ചിരിച്ചു: “OK Mom, OK Dad…”
ആ ചിരിയുടെ പിന്നിലെ യാഥാര്‍ത്ഥ്യം വൃദ്ധരായ ആ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നു. അയക്കാന്‍ പറ്റില്ലെന്ന് അവര്‍ക്കറിയാം. മണ്ണ് കസ്റ്റംസില്‍ പിടിക്കും, പ്രവാസത്തിന്റെ ഓര്‍മ്മകള്‍ക്ക് വിസ കിട്ടില്ല!
അന്ന് രാത്രി നല്ല നിലാവായിരുന്നു. പൗര്‍ണ്ണമി. കുട്ടനാട് മുഴുവന്‍ വെള്ളി വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുകയാണ്. പാടത്ത് നിലാവ് വീണുകിടക്കുന്നത് കണ്ടാല്‍ മഞ്ഞു പെയ്തതാണെന്നേ തോന്നു. തെങ്ങോലകള്‍ വെള്ളിനൂലുകള്‍ പോലെ കാറ്റിലാടുന്നു. കായല്‍ ഒരു വലിയ കണ്ണാടിപോലെ ആകാശത്തെ നെഞ്ചിലേറ്റുന്നു.
മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും വരാന്തയില്‍ ഇരുന്ന് ആ വന്യമായ സൗന്ദര്യം നോക്കിക്കണ്ടു. ഈ ഭംഗി ആര്‍ക്കുവേണ്ടിയാണ്? സ്വന്തം മക്കള്‍ക്കായി അവര്‍ കാത്തുവെച്ചതാണ് ഈ സ്വര്‍ഗ്ഗം. പക്ഷേ മക്കള്‍ വന്നില്ല, വരികയുമില്ല.
ദൂരെ കായലിലൂടെ ഒരു വള്ളം തുഴഞ്ഞുപോകുന്നത് കണ്ടു. വള്ളത്തില്‍ ഒരു കുഞ്ഞു വിളക്ക് കത്തുന്നുണ്ട്. വള്ളക്കാരന് പഴയൊരു വഞ്ചിപ്പാട്ട് പാടുന്നു:
‘കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാലേ…’
ആ പാട്ട് രാത്രിയിലെ തണുത്ത കാറ്റില്‍ ഒഴുകിവന്ന് അവരുടെ ഹൃദയത്തില്‍ തറച്ചു. അന്നമ്മച്ചേട്ടത്തിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവള് വേഗം മുറ്റത്തേക്കിറങ്ങി ദൂരേക്ക് നോക്കി.
ഇല്ല! അവിടെ പാട്ടില്ല… അതൊരു ഭ്രമമായിരുന്നു. എഞ്ചിന് ഘടിപ്പിച്ച ഒരു വള്ളം വലിയ ശബ്ദത്തോടെ വെള്ളം കീറിമുറിച്ച് പാഞ്ഞുപോവുകയായിരുന്നു! പാട്ടിന്റെ ഈണം പോലും ആ യന്ത്രച്ചൂളയില്‍ കരിഞ്ഞുപോയിരിക്കുന്നു.
‘നമ്മള് മരിച്ചാലും ഈ പാടം ഇവിടെയുണ്ടാകും അന്നമ്മേ…’ മത്തായിച്ചേട്ടന് അവളുടെ വിറയ്ക്കുന്ന കൈകള്‍ ചേര്‍ത്തുപിടിച്ചു. ‘ഈ കായല്‍ ഒഴുകും, ഈ തെങ്ങുകള്‍ ആടും, ഈ ആമ്പലുകള്‍ വീണ്ടും പൂക്കും. പക്ഷേ… ‘നമ്മുടേത്’ എന്ന് പറയാന്‍ ഇനി നമ്മള് ഉണ്ടാവില്ല.’
അദ്ദേഹം അവളെ ആശ്വസിപ്പിച്ചു: ‘സാരമില്ല അന്നമ്മേ. നമ്മള് ഇല്ലെങ്കിലും കുട്ടനാട് ഉണ്ടാകും. അതുമതി. നമ്മുടെ മക്കള്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഈ മണ്ണിന്റെ മക്കളാണ്, ഈ വെള്ളത്തിന്റെ മക്കളാണ്. ഒരുനാള്‍ അവരത് തിരിച്ചറിയും…’
കിഴക്കന്‍ ആകാശം പതുക്കെ വെളുക്കാന്‍ തുടങ്ങി. പുതിയൊരു പകല്‍. പാടത്തെ മഞ്ഞുതുള്ളികളില്‍ പുലര്‍കാല സൂര്യന്റെ വെളിച്ചം വീണപ്പോള്‍ ലക്ഷക്കണക്കിന് വജ്രങ്ങള്‍ മിന്നിത്തിളങ്ങുന്നത് പോലെ തോന്നി.
കുട്ടനാട് വീണ്ടും ഉണരുകയാണ്. സുന്ദരിയായി… അതേസമയം സങ്കടക്കാരിയായി! അവള് കാത്തിരിക്കുകയാണ്. ആര്‍ക്കുവേണ്ടി? ആര്‍ക്കും അറിയില്ല.
ആ കാത്തിരിപ്പ് തന്നെയാണ് കുട്ടനാടിന്റെ ഇതിഹാസം. വെള്ളം പോലെയാണത്; ഒഴുകിക്കൊണ്ടേയിരിക്കും, കടലില്‍ ചെന്നുചേരും വരെ. ഈ ഇതിഹാസം അവസാനിക്കുന്നില്ല. കാരണം, കേള്‍ക്കാന്‍ ആളില്ലെങ്കിലും, കാണാന്‍ കണ്ണുകളില്ലെങ്കിലും… ആ പള്ളിമണി ഇനിയും മുഴങ്ങിക്കൊണ്ടേയിരിക്കും. നെല്‍പ്പാടങ്ങള്‍ കാറ്റില്‍ തലയാട്ടിക്കൊണ്ടേയിരിക്കും. കായല്‍ ഇനിയും നിലാവത്ത് തിളങ്ങും.
മനുഷ്യര്‍ ഒഴുക്കില്‍പ്പെട്ടുപോയാലും, കുട്ടനാട് എന്നും കുട്ടനാടായിത്തന്നെ അവശേഷിക്കും!
സതീഷ് ബാലകൃഷ്ണൻ :- ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെൻ്റ് സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ് അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനുമാണ്.














Leave a Reply