ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക്-ഓൺ-ട്രെന്റിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വൈകിട്ട് ആറിന് ശേഷം ഒറ്റയ്ക്ക് ബസിൽ യാത്ര ചെയ്യുന്നതിന് താൽക്കാലിക വിലക്ക്. കുട്ടികളുമായി ബന്ധപ്പെട്ട സാമൂഹികവിരുദ്ധ പെരുമാറ്റം വർധിച്ചതിനെ തുടർന്നാണ് നടപടി. സ്റ്റാഫോർഡ്ഷയർ പൊലീസുമായും സ്റ്റോക്ക്-ഓൺ-ട്രെന്റ് സിറ്റി കൗൺസിലുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഗതാഗത വകുപ്പിന്റെ അനുമതിയോടെയാണ് വെള്ളിയാഴ്ച മുതൽ നിയന്ത്രണം നിലവിൽ വന്നത്. ഹാൻലി ബസ് സ്റ്റേഷനിലേക്കും അവിടെനിന്നുമുള്ള യാത്രകൾക്കും നിയന്ത്രണം ബാധകമാണ്. മുതിർന്ന ഒരാൾ കൂടെയുണ്ടെങ്കിൽ കുട്ടികൾക്ക് യാത്ര ചെയ്യാം.

പോട്ടറീസ് മേഖലയിലെ ആകെ 32 ബസ് സർവീസുകളെയാണ് നിയന്ത്രണം ബാധിച്ചിരിക്കുന്നത്. ബസ് സ്റ്റേഷനിലും സർവീസുകളിലും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചതായി ഫസ്റ്റ് ബസ് അധികൃതർ അറിയിച്ചു. അതേസമയം, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെങ്കിൽ ഡ്രൈവർമാർക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും നിയന്ത്രണം ദിവസേന അവലോകനം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ അഞ്ച് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് മിക്ക ബസ് സർവീസുകളിലും സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പദ്ധതി ഓഗസ്റ്റ് അവസാനം വരെ തുടരുന്നതിനിടെയാണ് നിയന്ത്രണം. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ബസ് യാത്രയിൽ വലിയ വർധനയുണ്ടായതായി ഫസ്റ്റ് ബസ് അധികൃതർ പറഞ്ഞു. യാത്രക്കാർ ബസിലും ബസ് സ്റ്റേഷനിലും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആവശ്യപ്പെട്ടു. സാഹചര്യം മെച്ചപ്പെട്ടാൽ നിയന്ത്രണം എത്രയും വേഗം പിൻവലിക്കാനാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു.











Leave a Reply