ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹാരി രാജകുമാരനും മേഗൻ മാർക്കിളും ബ്രിട്ടനിലേക്ക് തിരിച്ചെത്തുന്നതോടെ രാജകുടുംബവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ക്വീൻ കമീല നിർണായക പങ്ക് വഹിക്കുമെന്ന് റിപ്പോർട്ട്. ഹാരിയെയും കുടുംബത്തെയും വീണ്ടും രാജകുടുംബത്തിന്റെ ഭാഗമാക്കുന്നതിൽ കമീലയുടെ ശാന്തമായ ഇടപെടലുകൾ ചാൾസ് രാജാവിന്റെ നിലപാടിൽ മാറ്റമുണ്ടാക്കിയതായാണ് രാജകുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. കൊച്ചുമക്കളായ ആർച്ചിയുമായും ലിലിബറ്റുമായും കൂടുതൽ അടുപ്പമുള്ള ബന്ധം പുലർത്താൻ ചാൾസ് ആഗ്രഹിക്കുന്നതായും സൂചനയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തിടെ ഹൈഗ്രോവിൽ ചാൾസ് രാജാവും ഹാരി-മേഗൻ ദമ്പതികളും മക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലും കമീല പങ്കെടുത്തിരുന്നു. ഈ മാസം തന്നെ കാലിഫോർണിയയിൽനിന്ന് ബ്രിട്ടനിലേക്ക് താമസം മാറ്റാൻ പദ്ധതിയിടുന്നതായി ഹാരി-മേഗൻ ദമ്പതികൾ അറിയിച്ചിരുന്നു. കുട്ടികൾക്കായി സ്കൂളുകളും തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. കുടുംബത്തിലെ ഐക്യത്തിന് പ്രാധാന്യം നൽകുന്ന കമീല, രാജാവിന്റെ ആരോഗ്യപ്രശ്നങ്ങളിലൂടെയും കുടുംബത്തിലെ പ്രതിസന്ധികളിലൂടെയും അദ്ദേഹത്തിന് വലിയ പിന്തുണയായിരുന്നുവെന്നും രാജകുടുംബ വൃത്തങ്ങൾ പറയുന്നു.

അതേസമയം, ഹാരി-മേഗൻ ദമ്പതികളുടെ മടങ്ങിവരവിനെ വെയിൽസ് രാജകുമാരൻ വില്യമും കാതറിനും അത്ര അനുകൂലമായി കാണുന്നില്ലെന്നാണ് റിപ്പോർട്ട്. 2020ൽ രാജകുടുംബത്തിന്റെ മുൻനിര ചുമതലകളിൽനിന്ന് പിന്മാറിയതിന് പിന്നാലെ ഹാരിയും മേഗനും നടത്തിയ ആരോപണങ്ങൾ ഇരുവരെയും വേദനിപ്പിച്ചെന്നും അതിനാൽ അവരോട് ക്ഷമിക്കാൻ കഴിയില്ലെന്നുമാണ് അടുത്ത വൃത്തങ്ങളുടെ നിലപാട്. ഹാരിയും കുടുംബവും ബ്രിട്ടനിൽ എവിടെ താമസിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും കോറ്റ്സ്വോൾഡ്സ് പ്രദേശമാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.