ശിവജ കെ.നായർ
ആറിനും ആകാശത്തിനുമിടയിൽ
സ്നേഹം കൊണ്ട് ഊഞ്ഞാലിട്ട നാട്ടിൻപുറത്തെ ഓർമ്മകൾ_
ഇല്ലായ്മകളുടെ വല്ലം നിറയ്ക്കാൻ
ഇത്തിരിപ്പൂക്കൾ നുള്ളിക്കൊടുത്തും,
പിഞ്ഞിപ്പോവാത്ത സ്നേഹച്ചരടുകളാൽ തമ്മിൽ വരിഞ്ഞു മുറുക്കിയും,
ഏതൊരു ഒത്തുചേരലും ഓണമാക്കുന്നവരായിരുന്നു എൻ്റെ നാട്ടിൻപുറത്തുകാർ.
ഊഞ്ഞാലും ഉപ്പേരിയും
ആറിനും ആകാശത്തിനുമിടയിൽ ഒരൂഞ്ഞാൽ!
അതിൻ്റെ ചുവട്ടിൽ ഒരുപറ്റം ആൾക്കാർ.
തീരെ ചെറിയ കുട്ടികൾ മുതൽ കൗമാരത്തിൻ്റെ വളവു തിരിഞ്ഞ് യൗവ്വനത്തിലേക്ക് നടന്നടുക്കുന്നവർ വരെ.
അവരെ ഊഴമിട്ടൂയലാട്ടാൻ ചേച്ചിപ്പെണ്ണായി ഞാനും.
ഒറ്റയും പെട്ടയും കൂനാംകുട്ടിയും ചില്ലാട്ടവുമാടി,
ഉപ്പേരിയും പപ്പടവും കടിച്ചെടുക്കാൻ കുതിച്ച എത്രയോ ആയക്കാലങ്ങൾ നമ്മെ കടന്നുപോയി.
*കാക്കാത്തിയമ്മയും തത്തമ്മയും*
എണ്ണ മിനുപ്പുള്ള കൈയ്യാൽ തലോടി കൂട്ടിലെ തത്തയെ പുറത്തിറക്കി,
ദൈവങ്ങളുടെ ചിത്രങ്ങൾ കൊത്തിയെടുപ്പിക്കുന്ന കാക്കാത്തിയമ്മ ഓണക്കാലത്ത് വരുമായിരുന്നു.
നിരയൊത്ത വെളുത്ത പല്ലാൽ ചിരിച്ച്, സമൃദ്ധമായ മുടി പിന്നോട്ടൊതുക്കി കെട്ടുന്നതിനിടെ
ചതുരവടിവുള്ള മലയാളത്തിൽ നാട്ടുവിശേഷം ചേർത്തിളക്കി ഭാവി വിളമ്പുന്ന അവരുടെ പേര് മാധവി.
അവരുടെ ഏക മകൾ അന്ന് നേഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു.
കാക്കാത്തിയമ്മയിൽ നിന്ന് നേഴ്‌സമ്മയിലേയ്ക്കുള്ള ദൂരം താണ്ടാൻ
അവർ എത്രയോ പേരുടെ ഭാവിയിലേക്ക് തത്തമ്മയെ ഇറക്കിവിട്ടിരിയ്ക്കും.
ആശുപത്രിയിലെ ഓണം
ഇതെഴുതും മുന്നേ ഞാൻ ഒരാശുപത്രിയുടെ ഇടനാഴിയിൽ കാക്കാത്തിയമ്മയെ ഓർത്തിരുന്ന നിമിഷം,
എൻ്റെ ഇടതു വശത്തിരുന്ന അമ്മയെ ഒരു നേഴ്‌സ് “മാധവി” എന്ന് പേര് ചൊല്ലി വിളിച്ചത് യാദൃച്ഛികം!
ആശുപത്രിയിൽ അന്ന് ഓണാഘോഷമായിരുന്നു.
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലത്തിലൂടെ സഞ്ചരിയ്ക്കുന്ന കുറച്ച് ചെറുപ്പക്കാർ കേരളീയ വേഷത്തിൽ ഓടിനടന്ന് ജോലി ചെയ്യുന്നു.
അതിനിടെ കിട്ടിയ സ്ഥലത്ത് ഒതുങ്ങി നിന്ന് നൃത്തം പരിശീലിയ്ക്കുന്നു.
“ഒരുമയുണ്ടെങ്കിൽ ഉലക്കമേലും” എന്ന് അവരുടെ സൗഹൃദം പാടിത്തിമിർക്കുന്നു.
പിന്നീടെപ്പാഴോ ചമയങ്ങളഴിച്ച് യൂണിഫോമണിഞ്ഞ് അവർ ചിതറി മാറുന്നു.
കരുതലിൻ്റെ പായസപ്പാത്രങ്ങൾ കൈമാറുന്നു.
ആരോഗ്യകരമായ ആൺ പെൺ സൗഹൃദം ജീവിതത്തിലെ ഓണക്കാലമെന്ന് പറയാതെ പറയുന്നു.
*വെയിൽ വാടുന്നേരം*
വെയിൽ വാടുന്നേരം നഗരത്തിലെ പാതയോരത്ത്
പല നിറപ്പൂക്കളുടെ ചെറിയ കുന്നുകൾ വസന്തം തീർക്കുന്നു.
അതിനു നടുവിലിരുന്ന് ജീവിതത്തിൻ്റെ മനോഹര കാലങ്ങൾ പിന്നിട്ട പെണ്ണൊരുത്തി വിരൽ കടിയ്ക്കുന്നു.
ആ മുഖത്ത് നിന്ന് നാണത്തിൻ്റെ ഒരല വന്ന് എന്നെ തൊട്ടു വിളിയ്ക്കുന്നു.
പിന്നെ, പതിയെ ചിരിച്ച് ഓടി മറയുന്നു..
ശിവജ കെ.നായർ.
ചങ്ങനാശ്ശേരി തൃക്കടിത്താനം സ്വദേശിയാണ് , തൃക്കടിത്താനം എൻ എസ്സ് എസ്സ് സ്കൂൾ അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.














Leave a Reply