തിരുവനന്തപുരം വള്ളക്കടവിൽ ട്യൂഷൻ അധ്യാപികയുടെ സ്വർണമാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ട രണ്ടുപേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരാണ് പിടിയിലായത്. വള്ളക്കടവ് വയ്യാമൂല സ്വദേശിനിയായ 64കാരി കുമാരി ഷീലയുടെ ഒരുപവൻ സ്വർണമാലയാണ് ഇവർ തട്ടിയെടുത്തത്. ഓഗസ്റ്റ് 18ന് രാത്രി എട്ടുമണിയോടെ വള്ളക്കടവ് ഗാന്ധിനഗറിന് സമീപമായിരുന്നു സംഭവം. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഹെൽമറ്റ് ധരിച്ചെത്തിയ യുവാക്കൾ പിന്നിൽനിന്ന് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
മാല പൊട്ടിച്ചെടുത്തശേഷം പ്രതികൾ നഗരത്തിലൂടെ കാട്ടാക്കട, കൊല്ലം, എറണാകുളം വഴി തൃപ്പൂണിത്തുറയിലെത്തി. സംഭവസമയത്ത് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ ശ്രദ്ധിച്ച ഷീല അത് പൊലീസിന് കൈമാറിയതാണ് അന്വേഷണത്തിൽ നിർണായകമായത്. മാല ചാലയിലെ ഒരു കടയിൽ 50,000 രൂപയ്ക്ക് വിറ്റതായി പൊലീസ് കണ്ടെത്തി. ലഭിച്ച പണത്തിൽനിന്ന് 45,000 രൂപ ചെലവഴിച്ച് പ്രതികൾ രണ്ട് മൊബൈൽ ഫോണുകളും വാങ്ങിയിരുന്നു. പൊലീസ് മാല വീണ്ടെടുത്തു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പ്രത്യേക സംഘങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തൃപ്പൂണിത്തുറയിൽനിന്ന് പിടികൂടിയത്.
കവർച്ചയ്ക്കിരയായതോടെ ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ സ്വർണമാലയ്ക്ക് പകരം ഇമിറ്റേഷൻ ആഭരണം ധരിക്കാനാണ് ഷീലയുടെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിൽ ട്യൂഷനെടുത്ത് മിച്ചംവെച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് ഗുരുവായൂരപ്പന്റെ ലോക്കറ്റോടുകൂടിയ മാല വാങ്ങിയത്. ഏറെ ആഗ്രഹിച്ച് വാങ്ങിയ മാല നഷ്ടപ്പെട്ടതിൽ വലിയ സങ്കടമുണ്ടെന്ന് ഷീല പറഞ്ഞു. കുടുംബത്തോടൊപ്പം പോകുമ്പോൾ മാത്രമേ ഇനി സ്വർണാഭരണങ്ങൾ ധരിക്കൂ എന്നും, താൽക്കാലികമായി 250 രൂപയ്ക്ക് വാങ്ങിയ സ്വർണമെന്ന് തോന്നിക്കുന്ന മുക്കുമാലയാണ് ഇപ്പോൾ ധരിക്കുന്നതെന്നും അവർ വ്യക്തമാക്കി.











Leave a Reply