രാധാകൃഷ്ണൻ മാഞ്ഞൂർ
നമ്മൾ ആസ്വദിച്ചു ചെയ്യുന്ന ഏതു ജോലിയും പെണ്മയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് . പ്രത്യേകിച്ച് പുരുഷ മേധാവിത്വമുള്ള തൊഴിലിടങ്ങളിൽ സ്ത്രീകൾ വിജയിക്കുമ്പോൾ സമത്വത്തിൻ്റെ നേർരേഖ നാം തിരിച്ചറിയുകയാണ് .
ഇത് കോട്ടയം ഇളങ്ങുളം കൂരാലി കന്നുപറമ്പിൽ കെ എൻ ഷീബ, വനിതകൾ അധികം കടന്നു ചെന്നിട്ടില്ലാത്ത മേഖലകളായ ഫോട്ടോഗ്രാഫിയിലും, അനൗൺസ്മെൻ്റ് മേഖലയിലും തൻ്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു .
ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം കാരണം വർഷങ്ങൾക്കു മുൻപ് കൂരാലിയിൽ ‘ചാരുത’ എന്ന പേരിൽ ഒരു സ്റ്റുഡിയോ നടത്തി. വനിതാ ഫോട്ടോഗ്രാഫർമാർ ഇല്ലാത്ത കാലത്താണ് ഇങ്ങനെയൊരു സാഹസത്തിനിറങ്ങിയത്
പിന്നീട് ഒരു കൗതുകത്തിനു ഏറ്റെടുത്ത അനൗൺസ്മെൻ്റ് ജോലി സാമ്പത്തിക ഭദ്രതയും ,ആത്മവിശ്വാസവും നൽകി ഇന്നും അത് തുടരുന്നു
1990 ലെ സാക്ഷരതാ പ്രവർത്തനകാലത്താണ് ആദ്യമായി ഷീബ അനൗൺസ്മെൻ്റ്നായി മൈക്ക് കയ്യിൽ എടുക്കുന്നത് ( ഷീബ അക്കാലത്തു കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ സജീവ പ്രവർത്തകയായിരുന്നു)
മലപ്പുറം ജില്ലയിലെ സാക്ഷരതാ പ്രവർത്തക, അരയ്ക്ക് താഴോട്ടു ചലനം നഷ്ടപ്പെട്ട കെ വി റാബിയ ആദ്യമായി കോട്ടയത്ത് വന്നപ്പോൾ ആണ് അനൗൺസ്മെൻ്റ് നടത്തുവാനുള്ള ദൗത്യം ഷീബ ഏറ്റെടുത്ത് . 35 വർഷം മുൻപ് നടത്തിയ ആ അനൗൺസ്മെൻ്റ് ഇങ്ങനെയായിരുന്നു. “ വെള്ളിനക്കുഴിയുടെ വെള്ളി നക്ഷത്രമായ റാബിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇതാ അക്ഷരനഗരിയായ കോട്ടയത്തേക്ക് ” .
പിന്നീട് നിരവധി പ്രോഗ്രാമുകൾക്ക് ശ്രോതാക്കൾ കേട്ടത് ഷീബയുടെ ശബ്ദം. ശാസ്ത്ര സാഹിത്യ പരിഷിത്തിൻ്റെ കലാ ജാഥാ ,ഗ്രാമ ,ബ്ലോക്ക് ,ജില്ലാ, നിയമസഭാ ,പാർലമെൻ്റ്, തിരഞ്ഞെടുപ്പുകൾക്ക് ഷീബയുടെ ഗാംഭീര്യമാർന്ന ശബ്ദത്തിൻ്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു .
കൃത്യമായി എഴുതി ചിട്ടപ്പെടുത്തുന്ന വാക്കുകൾ വളരെ വ്യക്തതയോടെ അനൗൺസ്മെൻ്റ് റെക്കോർഡിങ് തീയേറ്ററിൽ റെക്കോർഡ് ചെയ്യും , അക്ഷര ശുദ്ധിയും ശബ്ദ നിയന്ത്രണവും ഇഴ ചേർത്തുള്ള ഒരു കലയാണിതെന്ന് ഷീബ പറയുന്നു. മാണി സി കാപ്പൻ ,തോമസ് ചാഴികാടൻ ,ഡോ: ടി എം തോമസ് ഐസക് .അഡ്വക്കേറ്റ് ജോയ്സ് ജോർജ് ,വി എൻ വാസവൻ എന്നിവർക്കു വേണ്ടി ഷീബ സ്വന്തം ശബ്ദത്തിൽ വോട്ടു തേടിയിട്ടുണ്ട്
തീയേറ്റർ ആക്ടിവിസ്റ് കൂടിയായ ഷീബ, സ്ത്രീ പക്ഷ നാടകങ്ങളിലും സംഗീത ശില്പങ്ങളിലും തൻ്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്
സ്ത്രീ ശാക്തീകരണ മേഖലയിൽ 3600 ക്ലാസ്സുകൾ നയിച്ച പരിശീലകയും ,മില്ലറ്റ് മിഷൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് കൂടിയാണ്.
‘ സവാബ് ‘ എന്ന കലാ സംഘടനയുടെ ( 38 ഇനം കലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളത് ) വനിതാ വിങ് സംസ്ഥാന പ്രെസിഡൻ്റ്, 25 വർഷമായി “കില”യുടെ റിസോർസ് പേഴ്സൺ ,ഇപ്പോൾ സംസ്ഥാന വനിതാ കമ്മീഷൻ ,വനിതാ ശിശു വികസന വകുപ്പ് ,എന്നിവയിൽ റിസോർസ് പേഴ്സൺ .
പ്രശസ്ത നടനും എഴുത്തുകാരനുമായ എലിക്കുളം ജയകുമാർ സംവിധാനം ചെയ്ത ലഹരിക്കെതിരായ ‘മരുന്ന്’ എന്ന ടെലിഫിലിമിൽ അഭിനയിച്ചു.
ഈ കഴിഞ്ഞ ജനുവരിയിൽ സാമൂഹിക പ്രവർത്തകയായ ദയാഭായിക്കൊപ്പം പത്തനംതിട്ട ,കൊല്ലം,കോട്ടയം ജില്ലകളിൽ പര്യടനം നടത്തിയത് ഒരു വലിയ അനുഭവം ആയിരുന്നു .പരിസ്ഥിതി സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ അവർ നടത്തുന്ന ഇടപെടലുകൾ വളരെ ശ്രദ്ധേയമാണ് . എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ ഒരു ഏകാംഗ നാടകമായി അവർ അവതരിപ്പിച്ചിരുന്നു .
കിലയുടെ പ്രവർത്തനങ്ങളുമായി കോഴിക്കോട് മൂക്കത്തു പോയപ്പോൾ ആണ് കാഞ്ചനമാലയെ ( എന്ന് നിൻെറ മൊയ്ദീൻ സിനിമയിലെ നായിക കഥാപാത്രം ) സന്ദർശിക്കുകയും അവരുടെ ചാരിറ്റബിൾ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തു
ഭർത്താവ് ബിസിനെസുകാരനായ ജോം ആൻ്റണി, ഇപ്പോൾ സകുടുംബം കോട്ടയം വാഴൂരിൽ താമസിക്കുന്നു .
രാധാകൃഷ്ണൻ മാഞ്ഞൂർ:- ഫ്രീലാൻസെർ ,കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ പന്തല്ലൂർ വീട്ടിൽ പരേതരായ പി കെ കൃഷ്ണൻ്റെയും ,ഗൗരി കൃഷ്ണൻ്റെയും മകനായി 1968 ലെ ഏപ്രിൽ വേനലിൽ ജനനം ,മാഞ്ഞൂർ സൗത്ത് ഗവൺമെൻ്റ് സ്കൂൾ ,മാഞ്ഞൂർ വി കെ വി എം എൻ എസ് എസ് സ്കൂൾ ,കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവടങ്ങളിൽ വിദ്യാഭ്യാസം ,സമചിന്ത ,പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പർ ,അക്ഷര കാഴ്ച്ച മാസികയുടെ ചീഫ് എഡിറ്റർ ,കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഇപ്പോൾ ടാഗോർ സ്മാരക സാംസ്കാരിക സദസ്സ് ( കേരളം ) സംസ്ഥാന ജോയിൻ്റ് സെക്രട്ടറി. 1986 ൽ ഭരതം കഥാ പുരസ്കാരം ,1997 ൽ അസീസി ചെറുകഥാ പുരസ്കാരം ,സാംസ്കാരിക വേദിയുടെ 2023ലെ അവാർഡ് എന്നിവ ലഭിച്ചു . രണ്ടു കഥാ പുസ്തകങ്ങൾ – നിലാവിൻ്റെ ജാലകം ,പരസ്യപ്പലകയിലൊരു കുട്ടി. രണ്ടു തിരക്കഥകൾ – മഴ മരങ്ങൾ ,മുടിയേറ്റ്. ഭാര്യ -ഗിരിജ ,മകൾ -ചന്ദന .
ഇ മെയിൽ [email protected] ,മൊബൈൽ നമ്പർ : 8075491785














Leave a Reply