ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മണ്ണിൽ അടിഞ്ഞുകൂടുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ബ്രിട്ടന്റെ ഭക്ഷ്യസുരക്ഷയ്ക്ക് ഉയർന്നുവരുന്ന ഭീഷണിയാണെന്ന് ശാസ്ത്രജ്ഞരും എംപിമാരും പരിസ്ഥിതി പ്രവർത്തകരും. മലിനീകരണം കുറയ്ക്കാൻ നിയമപരമായി ബാധകമായ ലക്ഷ്യങ്ങൾ നിശ്ചയിക്കണമെന്നും മൈക്രോപ്ലാസ്റ്റിക് പുറത്തുവിടുന്നതിന്റെ ഉറവിടങ്ങളിൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. യൂറോപ്പിലെ ഏറ്റവും കൂടുതൽ മൈക്രോപ്ലാസ്റ്റിക് മലിനീകരണമുള്ള കാർഷിക മണ്ണിൽ ചിലത് ബ്രിട്ടനിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജലശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള മലിനജലക്കുഴമ്പ് വളമായി ആവർത്തിച്ച് ഉപയോഗിക്കുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്.

പാക്കേജിങ് വസ്തുക്കൾ, സിന്തറ്റിക് വസ്ത്രങ്ങൾ, പെയിന്റുകൾ, സൗന്ദര്യവർധക വസ്തുക്കൾ, വാഹനങ്ങളുടെ ടയറുകൾ തുടങ്ങിയവയുടെ തകർച്ചയിലൂടെയാണ് പ്രധാനമായും മൈക്രോപ്ലാസ്റ്റിക് കണങ്ങൾ രൂപപ്പെടുന്നത്. മണ്ണിന്റെ ഘടനയെയും ജലസംഭരണശേഷിയെയും ബാധിക്കുന്ന ഇവ മണ്ണിലെ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ സമൂഹത്തിലും മാറ്റമുണ്ടാക്കും. മൈക്രോപ്ലാസ്റ്റിക് ഭക്ഷിക്കുന്ന മണ്ണിരകളിലും ശാരീരിക മാറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മണ്ണ് നിർജീവ വസ്തുവല്ലെന്നും വിളകളെ വളർത്തുന്ന സങ്കീർണമായ ജീവവ്യവസ്ഥയാണെന്നും പോർട്സ്മൗത്ത് സർവകലാശാലയിലെ പ്രൊഫ. ക്രെസിഡ ബോയർ പറഞ്ഞു.

മൈക്രോപ്ലാസ്റ്റിക് കണങ്ങൾ പരിസ്ഥിതിയിൽനിന്നുള്ള ബാക്ടീരിയ, ഭാരലോഹങ്ങൾ, വൈറസ് കണങ്ങൾ, മറ്റ് രാസവസ്തുക്കൾ എന്നിവയെ ആഗിരണം ചെയ്ത് അവയുടെ വാഹകരാകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മൈക്രോപ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന 16,000ത്തിലേറെ രാസവസ്തുക്കളിൽ ഏകദേശം 4,000 എണ്ണം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലിനീകരണം കുറയ്ക്കാൻ നിയമപരമായ ലക്ഷ്യങ്ങൾ, പ്രധാന ഉറവിടങ്ങൾക്ക് നിയന്ത്രണം, നിർമാതാക്കളുടെ ഉത്തരവാദിത്തം, മലിനജല-മണ്ണ് സംരക്ഷണം, ദേശീയതല നിരീക്ഷണ സംവിധാനം എന്നിവ ഉൾപ്പെടെ അഞ്ച് നിർദേശങ്ങളാണ് റിപ്പോർട്ട് മുന്നോട്ടുവച്ചത്.











Leave a Reply