ന്യൂസ് ഡെസ്ക്, മലയാളം യുകെ
മ്യൂണിക്: സാധാരണ ഇസിജി പരിശോധനയിൽനിന്ന് ഹൃദ്രോഗസാധ്യത രണ്ട് സെക്കൻഡിൽ കണ്ടെത്താൻ കഴിയുന്ന എഐ സംവിധാനം വികസിപ്പിച്ച് ഡോക്ടർമാർ. മനുഷ്യനേത്രങ്ങൾക്ക് തിരിച്ചറിയാനാകാത്ത വിവരങ്ങൾകൂടി ഇസിജിയിൽനിന്ന് ശേഖരിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ഹൃദയസ്തംഭനത്തിനും ഹൃദയവാൽവ് രോഗങ്ങൾക്കും സാധ്യതയുള്ളവരെ വേഗത്തിൽ തിരിച്ചറിയാൻ ഇത് സഹായിക്കും. ജർമനിയിലെ മ്യൂണിക്കിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ വാർഷിക സമ്മേളനത്തിലാണ് പഠനഫലങ്ങൾ അവതരിപ്പിച്ചത്.

അമേരിക്കയിൽ 67,000 പേരെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണത്തിൽ ഹൃദയസ്തംഭനം ഉണ്ടായിരുന്നവരിൽ 81 ശതമാനം വരെയും ഹൃദയവാൽവ് രോഗമുള്ളവരിൽ 90 ശതമാനം വരെയും എഐ സംവിധാനത്തിന് തിരിച്ചറിയാനായി. നിലവിലെ ഇസിജി പരിശോധന ഹൃദയമിടിപ്പിലെയും വൈദ്യുത പ്രവർത്തനത്തിലെയും വ്യതിയാനങ്ങൾ കണ്ടെത്താൻ സഹായിക്കുമെങ്കിലും ഹൃദയസ്തംഭനമോ വാൽവ് രോഗമോ സ്ഥിരീകരിക്കാൻ സാധാരണയായി എക്കോകാർഡിയോഗ്രാം ആവശ്യമാണ്. ഇത്തരം സ്കാനുകൾക്കായി മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമുള്ളതിനാൽ, എഐ വഴി ഉയർന്ന അപകടസാധ്യതയുള്ളവരെ നേരത്തെ കണ്ടെത്തി അടിയന്തിരമായി എക്കോ പരിശോധനയ്ക്ക് വിധേയരാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഹൃദ്രോഗം സംശയിക്കാത്ത കാരണങ്ങളാൽ ആശുപത്രിയിലെത്തുന്നവരുടെ ഇസിജിയിലും ഈ എഐ സംവിധാനം ഉപയോഗിക്കാനാകുമെന്ന് ഗവേഷകർ പറഞ്ഞു. ആശുപത്രിയിൽ നടത്തുന്ന എല്ലാ ഇസിജികളും പരിശോധിച്ച് ഉയർന്ന അപകടസാധ്യതയുള്ളവരെ കണ്ടെത്തിയാൽ രോഗനിർണയവും ചികിത്സയും നേരത്തെയാക്കാൻ കഴിയും. എന്നാൽ എഐയ്ക്ക് ഒറ്റയ്ക്ക് രോഗം സ്ഥിരീകരിക്കാനോ പൂർണമായി ഒഴിവാക്കാനോ കഴിയില്ലെന്നും വിദഗ്ധർ വ്യക്തമാക്കി. ഭാവിയിൽ ആരോഗ്യപ്രവർത്തകർക്ക് ഉപയോഗിക്കാവുന്ന കൈയിൽ കൊണ്ടുനടക്കാവുന്ന എഐ അധിഷ്ഠിത ഇസിജി ഉപകരണങ്ങൾ വികസിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഗവേഷകർ അറിയിച്ചു.











Leave a Reply