ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെന്റിലെ കോബ്ഹാമിൽ കാറിടിച്ച് രണ്ട് സൈക്കിൾ യാത്രികർക്ക് ദാരുണാന്ത്യം. 60 വയസ്സിനടുത്ത പ്രായമുള്ള പുരുഷനും 50 വയസ്സിനടുത്ത പ്രായമുള്ള സ്ത്രീയുമാണ് മരിച്ചത്. മൂന്നാമത്തെ സൈക്കിൾ യാത്രികന് നിസാര പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 7.47ഓടെയാണ് സോൾ സ്ട്രീറ്റിൽ അപകടമുണ്ടായത്. മീഫാമിലേക്ക് പോകുകയായിരുന്ന വെള്ള നിറത്തിലുള്ള ഫോർഡ് ഫോക്കസ് നിയന്ത്രണം വിട്ട് മൂന്ന് സൈക്കിൾ യാത്രികരിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അടിയന്തിര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും രണ്ട് പേരെയും രക്ഷിക്കാനായില്ല. ഇവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായി കെന്റ് പൊലീസ് അറിയിച്ചു.

അപകടവുമായി ബന്ധപ്പെട്ട് 20, 21 വയസ്സുള്ള രണ്ട് യുവാക്കളെ അപകടകരമായ ഡ്രൈവിങിലൂടെ മരണത്തിന് കാരണമായെന്ന സംശയത്തിൽ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് സഹായം നൽകിയെന്ന സംശയത്തിൽ 19 വയസ്സുള്ള യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് ദൃക്സാക്ഷികളായവരും ഡാഷ്‌കാം ദൃശ്യങ്ങളോ സിസിടിവി ദൃശ്യങ്ങളോ ഉള്ളവരും അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.











Leave a Reply