കൊച്ചി: നടിയും സുഹൃത്തുക്കളും ചേർന്ന് മർദിച്ചെന്ന പരാതിയിൽ വാർത്തകളിൽ ഇടംപിടിച്ച ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽ ഫോണിൽ പന്ത്രണ്ടിലേറെ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയതായി പൊലീസ്. ദൃശ്യങ്ങൾ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്‌മെയിൽ ചെയ്യുകയോ ചെയ്തിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നടിയുടെ ബന്ധുവിന് നേരെയുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഫോണിലെ ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ പരാതി നൽകിയതിനു പിന്നാലെ ഡോക്ടർ ഒളിവിൽ പോയതായാണ് പൊലീസിന്റെ നിഗമനം. ഇയാളെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
കുടുംബ ഡോക്ടറായ ജോൺസൺ സൗഹൃദം മുതലെടുത്ത് മദ്യം നൽകി അവശയാക്കിയ ശേഷം ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ ബന്ധുവിന്റെ പരാതി. ഒക്ടോബർ ആദ്യവാരത്തിലായിരുന്നു സംഭവം. തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഡോക്ടർ പകർത്തിയിട്ടുണ്ടാകാമെന്ന ആശങ്കയിലാണ് പരാതി നൽകാൻ വൈകിയതെന്നും ബന്ധു മൊഴി നൽകിയിട്ടുണ്ട്. വിവരം അറിഞ്ഞ നടി സുഹൃത്തുക്കളുടെ സഹായത്തോടെ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഇയാളുടെ മൊബൈൽ ഫോണുകളും സംഘം കൈവശപ്പെടുത്തി. എന്നാൽ നടിയും സംഘവും പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിന് ഡോക്ടർ നൽകിയ പരാതിയിലെ എഫ്ഐആറിൽ സ്ഥിരീകരണമില്ല.
ഡോക്ടറുടെ പരാതിയിൽ അറസ്റ്റിലായ നടിയെയും സുഹൃത്തുക്കളെയും കോടതി റിമാൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ബന്ധു പൊലീസിൽ പ്രത്യേക പരാതി നൽകിയത്. ഇതോടെ കേസ് ഇൻഫോപാർക്ക് പൊലീസ് ഏറ്റെടുക്കുകയായിരുന്നു. പിടിച്ചെടുത്ത ഫോൺ പൊലീസ് പരിശോധിച്ചപ്പോഴാണ് മറ്റ് സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇവരിൽ ആരെങ്കിലും പരാതി നൽകുന്ന പക്ഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് നടിയുടെയും സംഘത്തിന്റെയും ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.











Leave a Reply