തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനിടെ സമർപ്പിച്ച നാമനിർദേശ പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ബേപ്പൂർ എംഎൽഎ പി.എ. മുഹമ്മദ് റിയാസിനോടും ഭാര്യ വീണ വിജയനോടും നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം ജില്ലാ കോടതി നിർദേശിച്ചു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയുടേതാണ് ഉത്തരവ്. അഭിഭാഷകൻ നെയ്യാറ്റിൻകര നാഗരാജ് നൽകിയ ഹർജിയിലാണ് കോടതി നടപടി. കീഴ്ക്കോടതി ഇടപെടാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ ജില്ലാ കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി കുടുംബത്തിന്റെ സ്വത്തുവിവരങ്ങളും ബന്ധപ്പെട്ട മറ്റ് വിവരങ്ങളും നാമനിർദേശ പത്രികയിൽ വ്യക്തമാക്കണമെന്നാണ് ചട്ടം. എന്നാൽ മുഹമ്മദ് റിയാസ് സമർപ്പിച്ച പത്രികയിൽ ഭാര്യ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നാണ് ഹർജിയിലെ ആരോപണം. വീണയ്ക്ക് സി.എം.ആർ.എല്ലിൽ നിന്ന് 1.72 കോടി രൂപ ലഭിച്ചതായി വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നുവെന്നും ഈ വരുമാനം സംബന്ധിച്ച വിവരങ്ങളും പത്രികയ്ക്കൊപ്പം നൽകിയ രേഖകളിൽ വ്യക്തമാക്കിയിട്ടില്ലെന്നുമാണ് ഹർജിക്കാരന്റെ വാദം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരോപണങ്ങളിൽ ഇരുവരുടെയും ഭാഗം നേരിട്ട് കേൾക്കുന്നതിനായാണ് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. എത്രയും വേഗം നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവെങ്കിലും ഹാജരാകേണ്ട കൃത്യമായ തീയതി വ്യക്തമാക്കിയിട്ടില്ല. നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ കോടതിയുടെ തുടർനടപടികൾ നിർണായകമാകും.