തിരുവനന്തപുരം: പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസ് എംഎൽഎയുടെ നീക്കത്തിൽ കെപിസിസിക്ക് കടുത്ത അതൃപ്തി. പാർട്ടി നിർദേശം മറികടന്ന് പ്രദീപിനെ സ്റ്റാഫാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയാൽ രമ്യക്കെതിരെ നടപടി കടുപ്പിച്ചേക്കുമെന്നാണ് നേതൃത്വത്തിൽനിന്നുള്ള സൂചന. പ്രദീപിനെ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകാൻ എംഎൽഎ നീക്കം നടത്തുന്നതായും വിവരമുണ്ട്.

ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദത്തിന് പിന്നാലെയാണ് പാളയം പ്രദീപിനെ സസ്പെൻഡ് ചെയ്തത്. പ്രശ്നം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫായി നിയമിക്കരുതെന്ന് രമ്യയോട് നേതൃത്വം നിർദേശിച്ചിരുന്നതായാണ് വിവരം. എന്നാൽ ഈ നിർദേശം മറികടന്ന് പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നൽകുകയായിരുന്നു. മേയ് 21 മുതൽ പ്രദീപ് തന്റെ സ്റ്റാഫിന്റെ ഭാഗമാണെന്നും അന്നത്തെ തീയതി മുതൽ നിയമനം നൽകണമെന്നുമായിരുന്നു ആവശ്യം. സ്പീക്കറുടെ ഓഫീസിൽ നൽകിയ കത്ത് നിയമസഭാ സെക്രട്ടറിക്ക് നൽകാനായി മടക്കിയെങ്കിലും പിന്നീട് വിവാദമായതോടെ പിൻവലിക്കാൻ നിർദേശിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ രമ്യയുടെ നീക്കത്തിനെതിരെ പ്രദീപിനൊപ്പം സസ്പെൻഷനിലായ സജാദ് പരസ്യമായി രംഗത്തെത്തി. പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ എംഎൽഎക്കെതിരെയും രംഗത്തിറങ്ങുമെന്നും സജാദ് മുന്നറിയിപ്പ് നൽകി. പ്രദീപിനെ സ്റ്റാഫാക്കാനുള്ള നീക്കത്തിൽനിന്ന് രമ്യ പിന്മാറിയില്ലെങ്കിൽ അവർക്കെതിരെ പാർട്ടി നടപടി വേണമെന്ന ആവശ്യം ഉയരാനും സാധ്യതയുണ്ട്. ഇതോടെ നേരത്തെ ഒത്തുതീർപ്പിലൂടെ അവസാനിപ്പിക്കാൻ ശ്രമിച്ച ചിറയിൻകീഴ് വിവാദം കോൺഗ്രസിനുള്ളിൽ വീണ്ടും പുതിയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.