ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം ‘ദേ മാവേലി 2026’ സെപ്റ്റംബർ 12 ശനിയാഴ്ച കാർഡിനൽ ഹീനൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറും. വിപുലമായ സാംസ്കാരിക കലാപരിപാടികളോടെയാണ് ഇത്തവണ ലിമ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്.

നാട്ടിൽ പോലും ഇന്ന് അപൂർവ്വമായി മാത്രം കണ്ടുവരുന്ന കലാരൂപങ്ങളെ പ്രവാസ മണ്ണിൽ പുനരവതരിപ്പിക്കുന്നതിന്റെ ഭാഗമായി കാസിൽ യുകെ (CASTLE UK) അവതരിപ്പിക്കുന്ന ‘കാൾസ്മാൻ ചരിതം’ ചവിട്ടുനാടകം ലിമ വേദിയിൽ അരങ്ങേറും. ചവിട്ടുനാടകത്തിന്റെ തനിമ ഒട്ടും ചോർന്നുപോകാതെ, ആധുനിക സാങ്കേതിക തികവോടെയാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, സമകാലിക സാമൂഹിക വിഷയങ്ങളിൽ വെളിച്ചം വീശുന്ന വേറിട്ടൊരു നിശബ്ദ മൈം (Mime) പ്രകടനവും അരങ്ങേറും.

എല്ലാ വർഷവും നമ്മുടെ പാരമ്പര്യ കലാരൂപങ്ങളെയും നാടൻ കലാസൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുന്നതിൽ ലിമ എപ്പോഴും മുന്നിൽ നിൽക്കാറുണ്ട്. യുകെയിലെ പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്കാരം നേരിട്ട് കാണിച്ചുകൊടുക്കാനും, ഇത്തരം പാരമ്പര്യ കലകളെ നെഞ്ചിലേറ്റുന്ന കലാകാരന്മാർക്ക് വേദി നൽകാനും ലിമ എന്നും ശ്രദ്ധിക്കാറുണ്ട്. ആ പരമ്പര നിലനിർത്തിക്കൊണ്ടുതന്നെയാണ് ഇത്തവണയും വേറിട്ട കലാരൂപങ്ങൾ വേദിയിലെത്തിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കാൻ മാസങ്ങളായുള്ള കഠിന പരിശീലനത്തിന് ശേഷം ‘ടീം മുദ്രിക’യുടെ കലാകാരികൾ വേദിയിലെത്തുന്നു. കൂടാതെ, ശ്രീ സൂര്യ ഡാൻസ് അക്കാദമിയുടെ കൊച്ചു കലാകാരികൾ അണിയിച്ചൊരുക്കുന്ന ഭക്തിസാന്ദ്രമായ നൃത്താവിഷ്കാരവും ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

കലാപരിപാടികൾക്ക് ശേഷം സദസ്സിനെ ഇളക്കിമറിക്കാൻ ഡിജെ അദേവ് (DJ ADEV) നയിക്കുന്ന ലൈവ് ഡിജെ പ്രോഗ്രാമും ഉണ്ടാകും. നാടൻ ഈണങ്ങളും ആധുനിക സംഗീത ബീറ്റുകളും കോർത്തിണക്കിയ തകർപ്പൻ മ്യൂസിക്കൽ നൈറ്റോടെയാകും ഈ വർഷത്തെ ആഘോഷങ്ങൾ അവസാനിക്കുക.

ഓണാഘോഷ പരിപാടികളിലേക്ക് മുൻകൂട്ടി ടിക്കറ്റ് എടുത്തവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. പ്രവേശന കൗണ്ടറിൽ പുതിയ ടിക്കറ്റ് വിൽപ്പനയോ, കലാപരിപാടികൾക്ക് മാത്രമായുള്ള ടിക്കറ്റുകളോ ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു.