ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ നേഴ്സിങ് പ്രഫഷനൽ സംഘടനയായ റോയൽ കോളജ് ഓഫ് നേഴ്സിങ് (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. പേഷ്യൻസ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്സൺ എന്നിവരെ പിന്തള്ളിയാണ് ബിജോയ് രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2027 ജനുവരി ഒന്നിന് പുതിയ രണ്ടുവർഷ കാലാവധി ആരംഭിക്കും. 2024ലെ ചരിത്രവിജയത്തിലൂടെ ആർസിഎൻ പ്രസിഡന്റാകുന്ന ആദ്യ മലയാളിയെന്ന നേട്ടം സ്വന്തമാക്കിയ ബിജോയ് തുടർച്ചയായ രണ്ടാം കാലയളവിലും അംഗങ്ങളുടെ വിശ്വാസം നിലനിർത്തുകയായിരുന്നു.

ആദ്യ ഊഴത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിലെ ആർസിഎൻ അംഗങ്ങളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ ബിജോയ് ശ്രദ്ധ പതിപ്പിച്ചു. നേഴ്സുമാരുടെ ശമ്പളനീതി, സുരക്ഷിതമായ സ്റ്റാഫിങ്, ജോലിഭാരം കുറയ്ക്കൽ, തൊഴിൽമുന്നേറ്റം എന്നിവയ്ക്കായി ശക്തമായ നിലപാടെടുത്ത അദ്ദേഹം ഇംഗ്ലണ്ടിലെ എൻഎച്ച്എസിലെ ബാൻഡ് ഫൈവ് നേഴ്സുമാരുടെ ശമ്പള-തസ്തിക ഘടന പുനഃപരിശോധിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. സർക്കാരിന്റെ ശമ്പള നിർദേശത്തിനെതിരെ ആർസിഎൻ അംഗങ്ങളിൽ 91 ശതമാനം പേർ വോട്ട് ചെയ്തതിനു പിന്നാലെ ബാൻഡ് ഫൈവ് തസ്തികകൾ പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറായതും പ്രധാന നേട്ടമായി.

രണ്ടാം ഊഴത്തിൽ ആദ്യകാലയളവിൽ ആരംഭിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ബിജോയിയുടെ പ്രധാന ലക്ഷ്യം. സുരക്ഷിത സ്റ്റാഫിങ് ഉറപ്പാക്കാനുള്ള നിയമനിർമാണം, അഡ്വാൻസ്ഡ് പ്രാക്ടീസ് നേഴ്സുമാർക്ക് കൂടുതൽ പിന്തുണ, ബാൻഡ് ഫൈവിൽനിന്ന് ബാൻഡ് സിക്സിലേക്കുള്ള ശമ്പളപരിഷ്കാരം, എല്ലാ ബാൻഡുകളിലേക്കും തൊഴിൽമൂല്യനിർണയം വ്യാപിപ്പിക്കൽ, ആരോഗ്യപരിചരണ സഹായികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നീതിയുക്തമായ വേതനം എന്നിവയാണ് മുൻഗണനകൾ. നേഴ്സിങ് വിദ്യാർഥികൾക്ക് പഠനശേഷം തൊഴിൽ ഉറപ്പാക്കൽ, വിദ്യാർഥി വായ്പയിൽ ഇളവ്, പരിശീലനയാത്രയ്ക്ക് സൗജന്യ യാത്രാസഹായം, നേഴ്സിങ് വിദ്യാഭ്യാസ – ഗവേഷണ മേഖലകളിൽ കൂടുതൽ നിക്ഷേപം എന്നിവയും ഉൾപ്പെടുന്ന ‘ട്രിപ്പിൾ എസ്’ പ്രവർത്തനരേഖയാണ് ബിജോയ് മുന്നോട്ടുവയ്ക്കുന്നത്.
കേരളത്തിൽ നേഴ്സിങ് പഠനം പൂർത്തിയാക്കി 2011 മാർച്ചിൽ യുകെയിലെത്തിയ ബിജോയ് ഇംപീരിയൽ കോളജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റിൽ ബാൻഡ് ഫൈവ് നേഴ്സായി കരിയർ ആരംഭിച്ച് 2015ൽ ബാൻഡ് സിക്സിലേക്കും 2016ൽ ബാൻഡ് സെവനിലേക്കും ഉയർന്നു. 2021 മുതൽ യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ സീനിയർ നേഴ്സായി പ്രവർത്തിക്കുന്നു. പുന്നപ്ര സ്വദേശിയായ ബിജോയ് വിദേശ നേഴ്സുമാരുടെ അവകാശങ്ങൾക്കായും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്; ഇന്റർനാഷനലി എജ്യുക്കേറ്റഡ് നേഴ്സസ് ആൻഡ് മിഡ്വൈഫറി അസോസിയേഷൻ നെറ്റ്വർക്ക് യുകെയുടെ ചെയർ, അലയൻസ് ഓഫ് സീനിയർ കേരള നേഴ്സസിന്റെ സ്ഥാപക ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ നേഴ്സിങ് മേഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളിലും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായ ബിജോയിയുടെ ഭാര്യ ദിവ്യയും ഇംപീരിയൽ കോളജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റിൽ നേഴ്സാണ്.
ആർസിഎൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബിജോയ് സെബാസ്റ്റ്യന് മലയാളം യുകെ ന്യൂസിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. യുകെയിലെ നേഴ്സിങ് സമൂഹത്തിനും മലയാളി സമൂഹത്തിനും അഭിമാനകരമായ ഈ നേട്ടം പുതിയ ഉത്തരവാദിത്തങ്ങളിൽ കൂടുതൽ മികച്ച പ്രവർത്തനങ്ങൾക്ക് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു.











Leave a Reply