സൗത്ത് വെയിൽസിലെ മലയാളി സമൂഹത്തിന് അഭിമാനമായി അമ്മയും മകളും ലോക റെക്കോർഡിന്റെ ഭാഗമായി. ഭാരതനാട്യ കലാകാരിയും നർത്തകിയും ഗുരുവുമായ ദേവിപ്രഭ സുരേന്ദ്രനും മകൾ ദേവിതീർഥ രാജും സെപ്റ്റംബർ ആറിന് ലണ്ടനിലെ ലോഫ്ടൺ ഗ്രാൻഡ് മാർക്യൂവിൽ നടന്ന ജിസിഎൽ ഉത്സവ് മേള 2026ൽ ആണ് അഭിമാന നേട്ടം കരസ്ഥമാക്കിയത് . ഗ്രിഫിൻ കോളജ് ലണ്ടൻ സംഘടിപ്പിച്ച പരിപാടിയിൽ യുകെയിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുമെത്തിയ ആയിരത്തിലേറെ നർത്തകരോടൊപ്പം 17 മിനിറ്റ് ദൈർഘ്യമുള്ള ശിവപഞ്ചാക്ഷരിയെ ആസ്പദമാക്കിയ ഭാരതനാട്യ അവതരണത്തിലാണ് ഇരുവരും അണിനിരന്നത്. ‘ലോംഗസ്റ്റ് ശിവ-തീംഡ് ഭാരതനാട്യം ക്ലാസിക്കൽ റെപ്പർട്ടറി’ എന്ന പേരിൽ ഗ്ലോബൽ വേൾഡ് റെക്കോർഡ് അംഗീകരിച്ച പ്രകടനത്തിന് ഔദ്യോഗിക സർട്ടിഫിക്കറ്റും മെഡലും ലഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിക്കാലം മുതൽ നൃത്തത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ ദേവിപ്രഭ ദീർഘകാലം പരിശീലനം നേടിയ കലാകാരിയാണ്. മൂന്നാം വയസ്സിൽ നൃത്തപഠനം ആരംഭിച്ച അവർ ഗുരു രാധാമണിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഭാരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഇന്ത്യയിൽ നാട്യവേദ സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് സ്ഥാപിച്ച ദേവിപ്രഭ, രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ അവതരണം, നൃത്തസംവിധാനം, അധ്യാപനം എന്നീ മേഖലകളിൽ സജീവമാണ്. ഭാരതനാട്യത്തിനു പുറമെ മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ട്. വെയിൽസിലെത്തിയശേഷവും കാർഡിഫിലെ റാധായാത്ര ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക പരിപാടികളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും നൃത്തസംവിധാനം നിർവഹിക്കുകയും ചെയ്തു. 2023, 2024 വർഷങ്ങളിൽ കാർഡിഫിലെ ആഡംസ്‌ഡൗണിൽ നടന്ന ഗ്വെൽഡ് പാർക്ക് ഫീസ്റ്റ്, നോഫിറ്റ് സ്റ്റേറ്റ് കമ്മ്യൂണിറ്റി ഫെസ്റ്റിവൽ തുടങ്ങിയ കലാപരിപാടികളിലും ദേവിപ്രഭയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

അമ്മയുടെ പാത പിന്തുടർന്ന് ദേവിതീർഥയും ചെറുപ്പം മുതലേ ഭാരതനാട്യരംഗത്ത് സജീവമാണ്. ഇപ്പോൾ ജിസിഎസ്ഇ പഠനത്തിന് തുടക്കം കുറിച്ചിരിക്കുന്ന ദേവിതീർഥ കാർഡിഫിലെ വിവിധ സമൂഹ പരിപാടികളിലും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. യുകെഎംഎ 2025 വെയിൽസ് റീജിയണൽ മത്സരത്തിൽ അമ്മയും മകളും ഭാരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയതും ഈ കുടുംബത്തിന്റെ കലാനേട്ടങ്ങളിൽ ശ്രദ്ധേയമായി. “ഭാരതനാട്യം ഒരു വേദികലയെന്നതിലുപരി സംസ്കാരത്തെ സംരക്ഷിക്കാനും കഥകൾ പറയാനും സമൂഹത്തെ ഒന്നിപ്പിക്കാനുമുള്ള വഴിയാണ്. മകളോടൊപ്പം ഈ ലോക റെക്കോർഡിന്റെ ഭാഗമാകാൻ കഴിഞ്ഞത് കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും അഭിമാനിക്കാവുന്ന ഓർമയാണ് എന്ന് ദേവിപ്രഭ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.