തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മോഷണപരമ്പര നടത്തിയ സംഘത്തിലെ പ്രതികളെ അടൂർ ഡെൽറ്റ സ്ക്വാഡ് ഇടുക്കി ചിന്നക്കനാൽ–സൂര്യനെല്ലിയിൽനിന്ന് പിടികൂടി. പ്രായപൂർത്തിയാകാത്തവരും സംഘത്തിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 14ന് മൂന്ന് ജില്ലകളിലായി പള്ളികൾ, ക്ഷേത്രങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ബിവറേജ് ഔട്ട്ലെറ്റുകൾ എന്നിവയുൾപ്പെടെ 30ഓളം സ്ഥലങ്ങളിൽ മോഷണശ്രമം നടത്തിയെന്നാണ് കണ്ടെത്തൽ. ഹെൽമെറ്റ് ധരിച്ച് മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് സംഘം എത്തിയിരുന്നത്.
മോഷണപരമ്പരയ്ക്കുശേഷം ഓട്ടോറിക്ഷ പത്തനംതിട്ട നരിയാപുരത്ത് ഉപേക്ഷിച്ച സംഘം ഇടുക്കിയിലേക്ക് കടന്നു. തുടർന്ന് 16ന് ചിന്നക്കനാലിലെ ഒരു വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തി പണവുമായി സൂര്യനെല്ലിയിലേക്ക് മാറുകയായിരുന്നു. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയായെങ്കിലും, ഇവരുടെ കൂട്ടാളികളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒളിത്താവളം കണ്ടെത്തുകയായിരുന്നു.
ഇന്ന് പുലർച്ചെയാണ് ഡെൽറ്റ സ്ക്വാഡ് സംഘം സൂര്യനെല്ലിയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച നിലയിൽ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അടൂർ ഡിവൈഎസ്പി വിനോദിന്റെയും സിഐ രാജീവിന്റെയും നിർദേശപ്രകാരം എസ്എച്ച്ഒ ജിനു ജെ.യുവിന്റെ നേതൃത്വത്തിൽ സ്ക്വാഡ് അംഗങ്ങളായ അഭിലാഷ്, വിജയ്, നിതിൻ, അമീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.











Leave a Reply