ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിൽ ഭീകരവാദക്കുറ്റങ്ങൾ ആരോപിച്ച് 2017ൽ അറസ്റ്റിലായ ബ്രിട്ടീഷ് സിഖ് പൗരൻ ജഗ്‌താർ സിങ് ജോഹലിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സിന് ധനസഹായം നൽകിയെന്നാരോപിച്ചാണ് സ്കോട്‌ ലൻഡ് സ്വദേശിയായ ജോഹലിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബിൽ പദ്ധതിയിട്ട കൊലപാതകങ്ങളുമായി സംഘടനയ്ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. കേസിന്റെ വിചാരണ പലതവണ മാറ്റിവച്ചിരുന്നു. സമാനമായ ഗൂഢാലോചനക്കുറ്റങ്ങൾ കഴിഞ്ഞ വർഷം പഞ്ചാബിലെ കോടതി തള്ളുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2017ൽ വിവാഹത്തിനായി ഇന്ത്യയിലെത്തിയ ജോഹലിനെ വിവാഹം കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം ജലന്ധറിൽനിന്നാണ് ഒരു സംഘം പിടിച്ചുകൊണ്ടുപോയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കാറിൽനിന്ന് പിടിച്ചിറക്കി മുഖത്ത് കറുത്ത തുണിയിട്ട ശേഷം അജ്ഞാത വാഹനത്തിൽ കൊണ്ടുപോയെന്നും അഭിഭാഷകനെ കാണാൻ അനുവദിച്ചില്ലെന്നും ജോഹൽ ആരോപിച്ചിരുന്നു. കുറ്റസമ്മതം നടത്താൻ തന്നെ പീഡിപ്പിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. കേസിലെ തെളിവുകൾ കോടതിയിൽ പരിശോധിക്കുമ്പോഴെല്ലാം ആരോപണങ്ങൾ തെളിയിക്കാനാകുന്നില്ലെന്നാണ് ജോഹലിന്റെ കുടുംബത്തിന്റെയും അഭിഭാഷകരുടെയും നിലപാട്.

ജാമ്യം ലഭിച്ചെങ്കിലും നടപടികൾ പൂർത്തിയാകുന്നതുവരെ ജോഹൽ കസ്റ്റഡിയിൽ തുടരും. ജാമ്യവ്യവസ്ഥകളും കെട്ടിവയ്ക്കേണ്ട തുകയും കോടതി നിശ്ചയിക്കാനുണ്ട്. സഹോദരൻ ഗുര്‍പ്രീത് സിങ് ജോഹൽ ജാമ്യവിധിയെ സ്വാഗതം ചെയ്തെങ്കിലും ജഗ്‌താർ സിങ് യഥാർഥത്തിൽ സ്വതന്ത്രനാകുന്നത് കുടുംബത്തിനൊപ്പം സ്കോട്‌ ലൻഡിലെത്തുമ്പോഴായിരിക്കുമെന്ന് പ്രതികരിച്ചു. ഒൻപത് വർഷത്തെ തടങ്കൽ അവസാനിപ്പിക്കാൻ നടപടി വേഗത്തിലാക്കണമെന്നും കസ്റ്റഡിയിലെ പീഡനാരോപണങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു.