ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിലെ മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ വെയിൽസ് രാജകുമാരൻ വില്യമും രാജകുമാരി കേറ്റും ക്ലൈമറ്റ് ചേഞ്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ചു. ഭൂമിയും പ്രകൃതിയും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിൽ പുതിയ തലമുറയ്ക്ക് നിർണായക പങ്കുണ്ടെന്നാണ് ഇരുവരുടെയും നിലപാട്. സ്വന്തം ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ അഭിപ്രായങ്ങൾക്കും ആശയങ്ങൾക്കും കൂടുതൽ അവസരം നൽകുകയാണ് ലക്ഷ്യം. യുവാക്കൾക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതിനൊപ്പം പരിസ്ഥിതി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ അവരെ പങ്കാളികളാക്കാനും ആഗ്രഹിക്കുന്നതായി വില്യമിന്റെ പ്രൈവറ്റ് സെക്രട്ടറി ഇയാൻ പാട്രിക് പറഞ്ഞു. 2022-നുശേഷം ഇരുവരും ഒരുമിച്ച് നടത്തിയ ആദ്യ വിദേശ സന്ദർശനമായിരുന്നു ഇന്ത്യയിലേത്. മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനും സ്കൂൾ വിദ്യാർഥികൾക്കുമൊപ്പം തെരുവ് ക്രിക്കറ്റിൽ പങ്കെടുത്താണ് സന്ദർശനത്തിന് തുടക്കമിട്ടത്.

വില്യം 2020-ൽ ആരംഭിച്ച എർത്ത്ഷോട്ട് പ്രൈസിന്റെ ആറാമത് പുരസ്കാരദാന ചടങ്ങിലും ഇരുവരും പങ്കെടുത്തു. പരിസ്ഥിതി പ്രശ്നങ്ങൾക്ക് നൂതന പരിഹാരങ്ങൾ കണ്ടെത്തുന്ന വ്യക്തികളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ് ഈ പുരസ്കാരം. മുംബൈയിലെ ബാന്ദ്ര – വർളി സീ ലിങ്കിൽ ഇലക്ട്രിക് ഓട്ടോറിക്ഷയിൽ എത്തിയ ദമ്പതികൾ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തി. 2022-ൽ ബോസ്റ്റണിൽ നടന്ന ചടങ്ങിനുശേഷം ആദ്യമായാണ് കേറ്റ് എർത്ത്ഷോട്ട് വേദിയിലെത്തുന്നത്. 2024-ൽ ക്യാൻസർ രോഗനിർണയവും ചികിത്സയും നേരിട്ട കേറ്റിന്റെ വിദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക പരിപാടികളിലൊന്നായിരുന്നു ഇന്ത്യാ സന്ദർശനം. അവസാനദിവസം വില്യം ധർമ പ്രൊഡക്ഷൻസ് സന്ദർശിച്ചപ്പോൾ കേറ്റ് പ്രസവാശുപത്രിയിലെ ആരോഗ്യപ്രവർത്തകരുമായി സംവദിച്ചു. തുടർന്ന് ഡൽഹിയിലെത്തിയ ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി വന്യജീവി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന 10,000 താൽക്കാലിക വനപാലകർക്ക് അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയും വില്യം പ്രഖ്യാപിച്ചു. ഏഴ് സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന ഈ സംരംഭം റോയൽ ഫൗണ്ടേഷന്റെ യുണൈറ്റഡ് ഫോർ വൈൽഡ് ലൈഫ് പദ്ധതിയുടെ ഭാഗമാണ്. വന്യജീവികളെ സംരക്ഷിക്കുന്നതിനായി ദുഷ്കരമായ സാഹചര്യങ്ങളിൽ രാവും പകലും ജോലി ചെയ്യുന്ന വനപാലകർ നേരിടുന്ന അപകടസാധ്യതകൾ കണക്കിലെടുത്താണ് നടപടി. അപകടമോ മരണമോ സംഭവിച്ചാൽ വനപാലകർക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. റിയോ ഡി ജനീറോയിലും കേപ് ടൗണിലും സമാനമായ പദ്ധതികൾ വില്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു. പ്രകൃതിയെ സംരക്ഷിക്കുന്ന വനപാലകരുടെ സേവനം ഭാവിതലമുറയ്ക്കുവേണ്ടിയുള്ളതാണെന്നും അവർക്ക് ആവശ്യമായ സുരക്ഷയും പിന്തുണയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും വില്യം പറഞ്ഞു.











Leave a Reply