ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ അടുത്തയാഴ്ച വീണ്ടും വേനൽക്കാലത്തിന് സമാനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. തെക്കൻ ഇംഗ്ലണ്ടിലായിരിക്കും ഏറ്റവും ഉയർന്ന ചൂട്. സെപ്റ്റംബർ അവസാനത്തോട് സാധാരണ അനുഭവപ്പെടുന്നതിലും ചൂടേറിയ കാലാവസ്ഥയാണ് മിക്ക പ്രദേശങ്ങളിലും പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലും ആഴ്ച മുഴുവൻ ചൂട് തുടരാൻ സാധ്യതയുണ്ടെങ്കിലും സ്കോട്‌ ലൻഡിലും വടക്കൻ അയർലൻഡിലും ഇത് ഹ്രസ്വകാലത്തേക്ക് മാത്രമായേക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അറ്റ്ലാന്റിക്കിൽ നിന്നുള്ള ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ വാരാന്ത്യത്തിന്റെ തുടക്കത്തിൽ കാലാവസ്ഥ മാറ്റങ്ങളോടെയായിരിക്കും. ശനിയാഴ്ച പല ഭാഗങ്ങളിലും വെയിലും ഇടയ്ക്കിടെ മഴയും പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടിന്റെ തെക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷത്തിനൊപ്പം മഴയ്ക്കും ചാറ്റൽമഴയ്ക്കും സാധ്യതയുണ്ട്. ഞായറാഴ്ച വടക്കൻ, തെക്കൻ മേഖലകളിലെ മഴ മാറി മിക്കയിടങ്ങളിലും ഉച്ചയോടെ വെയിൽ തെളിയും. താപനില 15 മുതൽ 21 ഡിഗ്രി വരെയായിരിക്കും. ഇതിനിടെ ജെറ്റ് സ്ട്രീം വടക്കോട്ട് മാറുന്നതോടെ ഉയർന്ന മർദമേഖല ശക്തിപ്പെടും.

അടുത്ത ആഴ്ചയുടെ തുടക്കത്തിൽ ഉയർന്ന മർദം ബ്രിട്ടനിലാകെ വ്യാപിക്കുന്നതോടെ കൂടുതൽ വെയിൽ ലഭിക്കും. ചൊവ്വാഴ്ച തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിൽ താപനില 25–26 ഡിഗ്രി വരെ ഉയർന്നേക്കും. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ്, കിഴക്കൻ സ്കോട്‌ ലൻഡ് എന്നിവിടങ്ങളിൽ 20 ഡിഗ്രിക്ക് മുകളിലും താപനിലയെത്തും. അതേസമയം, വരൾച്ച നേരിടുന്ന ഇംഗ്ലണ്ടിലും വെയിൽസിലും മഴയുടെ കുറവ് ആശങ്ക തുടരുകയാണ്. ഈ മാസം ലെകോൺഫീൽഡിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 11 ശതമാനവും ഡർഹാമിൽ 14 ശതമാനവും മാത്രമാണ് ഇതുവരെ ലഭിച്ചത്.