ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാൻസർ രോഗനിർണയവും ചികിത്സയും ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് വെയിൽസ് രാജകുമാരി കാതറിൻ. തന്റെ രോഗകാലത്തെ അനുഭവങ്ങളും അതിജീവനത്തിലേക്കുള്ള യാത്രയും പങ്കുവയ്ക്കുന്ന ‘ഹീൽ’ (Heal) എന്ന 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിലാണ് കാതറിൻ മനസ്സ് തുറക്കുന്നത്. നവംബർ 29ന് ബിബിസി വണ്ണിൽ സംപ്രേഷണം ചെയ്യുന്ന ചിത്രത്തിൽ, “ക്യാൻസർ നിങ്ങളെ മാറ്റിമറിക്കും. ശാരീരികമായും മാത്രമല്ല, അതിനേക്കാൾ ആഴത്തിലുള്ള മാറ്റങ്ങളും രോഗനിർണയം ജീവിതത്തിൽ സൃഷ്ടിക്കുന്നുണ്ട്. രോഗമുക്തി ഒരു യാത്രയാണ്” എന്ന് കാതറിൻ പറയുന്നു.

ഈ വർഷം ആദ്യം ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ഏറ്റവും ഉയരം കൂടിയ മൂന്ന് മലനിരകൾ ഒരു ദിവസംകൊണ്ട് കീഴടക്കുന്ന ത്രീ പീക്സ് ചലഞ്ചിൽ പങ്കെടുത്ത ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്. ജീവിതത്തിലെ വെല്ലുവിളികൾ ഒറ്റയ്ക്ക് നേരിടേണ്ടതല്ലെന്നും വേദനയിലൂടെയാണ് പലപ്പോഴും ജീവിതത്തിലെ വലിയ സൗന്ദര്യം തിരിച്ചറിയുന്നതെന്നും കാതറിൻ പറയുന്നു. ഭർത്താവ് വില്യം രാജകുമാരനെയും കുടുംബാംഗങ്ങളെയും ചേർത്തുപിടിക്കുന്ന ദൃശ്യങ്ങളും ചിത്രത്തിലുണ്ട്. ചികിത്സയ്ക്കുശേഷം നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടായിരുന്നുവെന്നും രോഗത്തിന് മുമ്പുള്ള ജീവിതത്തിലേക്ക് ഉടൻ മടങ്ങാനാകുമെന്ന ധാരണ ശരിയല്ലെന്നും കാതറിൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

2024 മാർച്ചിലാണ് തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചതായും കീമോതെറാപ്പി ചികിത്സയിലാണെന്നും കാതറിൻ വെളിപ്പെടുത്തിയത്. 2025 ജനുവരിയിൽ രോഗം ശമിച്ചതായി അറിയിക്കുകയും പിന്നീട് രാജകീയ ചുമതലകളിലേക്ക് ക്രമേണ തിരിച്ചെത്തുകയും ചെയ്തു. ലണ്ടനിലെ റോയൽ മാർസ്ഡൻ ആശുപത്രിയിലായിരുന്നു ചികിത്സ. ആശുപത്രിയിലെ ക്യാൻസർ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഡോക്യുമെന്ററിയുടെ അന്താരാഷ്ട്ര വിതരണത്തിലൂടെ ലഭിക്കുന്ന തുക നൽകും. കിർസ്റ്റി യങ് അവതരിപ്പിക്കുന്ന ചിത്രം നവംബർ 29ന് ഉച്ചയ്ക്ക് 12 മണി മുതൽ ബിബിസി ഐപ്ലേയറിലും വൈകിട്ട് 6.40ന് ബിബിസി വണ്ണിലും ലഭ്യമാകും.











Leave a Reply