ബിനോയ് എം. ജെ.
വിരസതയാകുന്നു മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ചെറുപ്പകാലത്ത് പുതിയ ഒരു ജീവിതം കിട്ടിയതിന്റെ സന്തോഷമാണ്. എന്നാൽ യൗവനം ആകുമ്പോഴേക്കും ആ സന്തോഷം ഒക്കെ തിരോഭവിക്കുന്നു. ജീവിതത്തോട് തന്നെ മടുപ്പ്. വിവാഹം കഴിക്കുന്ന ഉടനെ ദമ്പതിമാരുടെ കണ്ണുകളിലേക്ക് ഒന്ന് നോക്കൂ.. എന്തോരു ഉന്മേഷം! എന്നാൽ രണ്ടുവർഷം കൂടി കഴിയട്ടെ. അവർക്ക് വിരസത നന്നായി അനുഭവപ്പെട്ടു തുടങ്ങും. പുതിയ ഒരു ജോലി കിട്ടുമ്പോഴോ പണം വന്നുചേരുമ്പോഴോ തുടക്കത്തിലെ ഉള്ളൂ സന്തോഷം. പിന്നീട് വിരസത വന്നുചേരുന്നു. എന്താണ് ഈ വിരസതയുടെ കാരണം?
കാര്യങ്ങൾക്ക് അവയുടെ പുതുമ നഷ്ടപ്പെടുമ്പോൾ വിരസത ഉണ്ടാകുന്നു. ഇനിയും ഈ പുതുമ നഷ്ടപ്പെടുന്നതിന്റെ കാരണം എന്താണ്?
അല്ലെങ്കിൽ സദാ പുതുമ അനുഭവപ്പെടുവാനുള്ള മാർഗം എന്താണ്? ഇതിനുള്ള ഉത്തരം അനന്തതയിൽ ലയിക്കുക എന്നതാണ്. പരിമിതികൾ എപ്പോഴും വിരസതയെ കൊണ്ടുവന്നു തരുന്നു. എനിക്ക് ഒരു കോടി രൂപ കിട്ടിയെന്ന് കരുതുക. ഒരുകോടി വലിയ ഒരു തുക ആണെങ്കിലും അപ്പോഴും അത് പരിമിതമാണ്. അതുകൊണ്ടുതന്നെ അത് കിട്ടുമ്പോൾ ഉള്ള സന്തോഷം പിന്നീട് ഉണ്ടാവില്ല. നിങ്ങൾക്ക് ഈ പ്രപഞ്ചത്തെ മുഴുവനായി കിട്ടി എന്ന് കരുതുക. അവിടെയും സന്തോഷം തൽക്കാലികം മാത്രം. കാരണം പ്രപഞ്ചം പരിമിതമാണ്. പരിമിതിയിൽ ശാശ്വതമായ ആനന്ദം കണ്ടെത്തുവാൻ മനുഷ്യന് കഴിയുകയില്ല. കാരണം മനുഷ്യൻ അവനിൽ തന്നെ അനന്തസത്തയാണ്. അനന്തതയോട് പൊരുത്തപ്പെടുവാൻ മനുഷ്യന്
കഴിയേണ്ടതാണ്. പക്ഷേ അവൻ അതിന് പരിശ്രമിക്കുന്നില്ല. പരിമിതമായ ഈ ജഗത്തിന് മനുഷ്യനെ അധികം ആനന്ദിപ്പിക്കുവാനുള്ള കഴിവില്ല. എന്നാൽ ഈശ്വരനാകുന്ന അനന്തസത്തയ്ക്ക് മനുഷ്യനെ എന്നെന്നേക്കുമായി സന്തുഷ്ടനാക്കുവാനുള്ള കഴിവ് ഉണ്ട്. അനന്തതയിൽ ലയിക്കുമ്പോൾ വിരസതയിൽ നിന്നും മനുഷ്യൻ കരകയറുന്നു. അനന്തതയിൽ എല്ലാം പുതുമയുള്ളതായി അനുഭവപ്പെടുന്നു. ഒരു കോടി യുഗങ്ങൾ കഴിഞ്ഞാലും ഒരു കോടി പ്രകാശ വർഷങ്ങൾ സഞ്ചരിച്ചാലും അത് വീണ്ടും തുടരുകയാണ്. അവിടെ മാത്രമേ മനുഷ്യന് സംതൃപ്തി കണ്ടെത്തുവാൻ കഴിയുകയുള്ളൂ
ഈശ്വരൻ- അവനിൽ മാത്രം- വിരസതയ്ക്ക് സ്ഥാനമില്ല. എല്ലാം വാസ്തവത്തിൽ ഈശ്വരൻ തന്നെയാണ്. അപ്പോൾ പരിമിതമാക്കപ്പെട്ട ഈ ജഗത്എവിടെ നിന്നു വരുന്നു? നാം എല്ലായിടത്തും പരിമിതികൾ കാണുന്നത് എന്തുകൊണ്ടാണ്? ഈശ്വരൻ ഉണ്ടെന്ന് പറയുകയല്ലാതെ അവിടുത്തെ അനുഭവിക്കുവാൻ നമുക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ട്? ഇവിടെ അടിസ്ഥാനപരമായ ആ പ്രശ്നം ആരംഭിക്കുന്നു. നാം ഈശ്വരനെ ജഗത്തായി തെറ്റിദ്ധരിക്കുന്നു. ഈ പ്രതിഭാസത്തെ അദ്ധ്യാസം (Superimposition )എന്ന് വിളിക്കുന്നു. വാസ്തവത്തിൽ ജഗത് എന്ന് പറയുന്ന ഒരു സംഗതി അവിടെയില്ല. ഉള്ളത് ഈശ്വരൻ മാത്രം. ബ്രഹ്മസത്യം ജഗത് മിഥ്യ എന്ന് നിങ്ങൾ കേട്ടിരിക്കും. നാം ബ്രഹ്മത്തെ ജഗത്തായി തെറ്റിദ്ധരിക്കുന്നു. മങ്ങിയ വെളിച്ചത്തിൽ കിടക്കുന്ന ഒരു കയറിനെ നാം പാമ്പായി തെറ്റിദ്ധരിക്കുന്നത് പോലെയാണ് ഇത്. പാമ്പ് അവിടെയില്ല.
മനുഷ്യൻ പരിമിതിയുമായി അത്രമാത്രം താദാമ്യപ്പെട്ട് പോയി. താൻ തന്നെ പരിമിതം, ബാഹ്യലോകവും പരിമിതം. നമ്മുടെ എല്ലാ കാര്യങ്ങളും പരിമിതമായ ഈ ഭൂമിയിൽ ഒതുങ്ങുന്നു. ഈ കാണുന്ന ശരീരത്തിന് അപ്പുറത്തേക്ക് പോകുവാൻ നമുക്ക് കഴിയുകയില്ല. പരിമിതിയും ദുഃഖവും വിരസതയും നമ്മുടെ കൂട്ടുകാരാണ്. നാം ചെറുപ്പം മുതലേ ആ രീതിയിൽ ചിന്തിച്ച് ശീലിച്ചു പോയി. എന്നാൽ ഈ ചിന്ത ആകട്ടെ യുക്തിക്ക് നിരക്കുന്നതും അല്ല. ഈശ്വരൻ അനന്തമാണെങ്കിൽ എല്ലാം ആ ഈശ്വരനിൽതന്നെ എന്ന് സമ്മതിക്കേണ്ടി വരും. കാരണം നമുക്കറിയാവുന്നതുപോലെ അനന്തത ഒന്നു മാത്രമേ ഉള്ളൂ. ഇനി ഈശ്വരനെ തന്നെ നിഷേധിക്കുന്നവരും ഉണ്ട്. അത് ഒരു വാചക കസ്രത് മാത്രമാണ്. അവരുടെ ഉള്ളിലും ഈശ്വര സങ്കല്പം ഉറങ്ങിക്കിടക്കുന്നു.
അതിനാൽ അനന്തസത്തയെ സദാ മനസ്സിൽ ധ്യാനിക്കുക. മനസ്സിനെ അതുമായി താദാമ്യപ്പെടുത്തി എടുക്കുക. ക്രമേണ ജഗത് തിരോഭവിക്കുന്നത് നിങ്ങൾക്ക് കാണുവാൻ കഴിയും. അവിടെ ഈശ്വരൻ പ്രകാശിക്കുന്നതായി നിങ്ങൾക്ക് കാണാം. അവിടെ എല്ലാം പ്രശാന്തം ആയിരിക്കും. അവിടെ പ്രശ്നങ്ങളോ ദുഃഖമോ വിലാപമോ ഉണ്ടാവില്ല. സത്യം ഒന്നു മാത്രം. അത് ആ അനന്ത സത്തയാണ്. നാനാത്വമെന്നൊന്നില്ല. അനന്തതയിൽ എല്ലാം ഒന്നാണെന്ന് നമുക്ക് കാണുവാൻ കഴിയും. അതിൽ ലയിച്ചാൽ പിന്നങ്ങോട്ട് അനന്താനന്ദമാണ്. മനസ്സ് ഏകത്വത്തിൽ ലയിക്കുന്നത് വരെ നിങ്ങൾ അനന്തസത്തയെ മനസ്സിൽ ധ്യാനിക്കുവിൻ. ഈശ്വരൻ അഖണ്ഡ സത്തയും എല്ലാത്തിന്റെയും കാരണവും ആണ്. നിങ്ങളും ഞാനും ആ ഈശ്വരനിൽ തന്നെയാണ്. ഈ തിരിച്ചറിവ് നമ്മെ എല്ലാ ആശയ കുഴപ്പങ്ങളിൽ നിന്നും കരകയറ്റുന്നു.
പരിമിതി മായയാണ്. വാസ്തവത്തിൽ പരിമിതിക്ക് നിലനിൽപ്പില്ല. അത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ നാം അനന്തതയെ പരിമിത സത്തയായി തെറ്റിദ്ധരിക്കുന്നു. അതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയാണ്. പരിമിതികളോടുള്ള ഈ കൂട്ടുകെട്ടിനെ മായാ ബന്ധനം എന്ന് വിളിക്കാം. നാമെ ല്ലാവരും പരിമിതിയിൽ ജീവിക്കുന്നവരാണ്. പരിമിതിയാണ് നമ്മെ സംബന്ധിച്ചിടത്തോളം യഥാർത്ഥ മായത്. അനന്തത നമുക്ക് വെറും ഒരു സങ്കല്പം മാത്രം. അനന്തതയാണ് സത്യം എന്ന് ഞാൻ പറയുമ്പോൾ നിങ്ങൾ പറയും എനിക്ക് ഭ്രാന്താണെന്ന്. അത്ര വലുതാണ് പരിമിതിയുമായുള്ള നമ്മുടെ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിനെ ഉപേക്ഷിക്കുമ്പോൾ നാം ബ്രഹ്മത്തിൽ ലയിക്കുന്നു. ബ്രഹ്മവും ജഗത്തും രണ്ടാണ്. ജഗത് പരിമിതമാണ് ബ്രഹ്മമാകട്ടെ അനന്തവും. ജഗത്തിൽ നിന്ന് കൊണ്ട് ബ്രഹ്മത്തെ അനുഭവിക്കുക സാധ്യമല്ല. ഇവിടെ ജഗത്തിൽ നിന്നും ബ്രഹ്മത്തിലേക്ക് ഒരു കുതിച്ചുചാട്ടം ആണ് വേണ്ടത്. അത് ഒരു പുതിയ തിരഞ്ഞെടുക്കലാണ്. അവിടെ നിങ്ങൾ സത്യത്തെ തിരഞ്ഞെടുക്കുന്നു. അപ്പോൾ നിങ്ങളുടെ മനസ്സ് യാഥാർത്ഥ്യത്തിൽ ആകുന്നു. അതാണ് യഥാർത്ഥത്തിലുള്ള ജീവിതവിജയം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120











Leave a Reply