തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് വീണ്ടും ശക്തമാകുന്നു. കെ.സി. വേണുഗോപാൽ പക്ഷവും വി.ഡി. സതീശൻ പക്ഷവും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ പാർട്ടിക്കുള്ളിലെ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് കെ.സി. പക്ഷത്തിന്റെ തീരുമാനം. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്ന സാഹചര്യം തുടർന്നാൽ കാബിനറ്റിൽ തന്നെ എതിർപ്പ് അറിയിക്കുമെന്നും ഈ വിഭാഗം വ്യക്തമാക്കുന്നു. സർക്കാരിനെ അസ്ഥിരപ്പെടുത്തുകയല്ല, കൂട്ടായ ചർച്ചകളും തീരുമാനങ്ങളുമാണ് ലക്ഷ്യമെന്നാണ് കെ.സി. പക്ഷത്തിന്റെ വിശദീകരണം.

മന്ത്രിസഭാ യോഗത്തിന് മുമ്പ് കെ.സി. പക്ഷത്തെ മൂന്ന് മന്ത്രിമാർ രഹസ്യയോഗം ചേർന്ന് മുഖ്യമന്ത്രിക്കെതിരായ നീക്കങ്ങൾ ആസൂത്രണം ചെയ്തെന്നാണ് വി.ഡി. പക്ഷത്തിന്റെ ആരോപണം. സർക്കാരിന്റെ ആറുമാസം പൂർത്തിയാകുന്ന ദിവസം തന്നെ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനായിരുന്നു നീക്കമെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ അഭിപ്രായം പറയുന്നത് സ്വാഭാവികമാണെന്നാണ് കെ.സി. പക്ഷത്തിന്റെ നിലപാട്. കാബിനറ്റിലെ തർക്കവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതുമായി ബന്ധപ്പെട്ടും ഇരുവിഭാഗങ്ങളും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗുരുവായൂർ ദേവസ്വം നിയമനവുമായി ബന്ധപ്പെട്ട അതൃപ്തിയും പി.എസ്.സി. അംഗങ്ങളുടെ പട്ടിക ഏകപക്ഷീയമായി പ്രഖ്യാപിച്ചതുമാണ് ഇപ്പോഴത്തെ തർക്കത്തിന് പിന്നിലെന്നാണ് കെ.സി. പക്ഷത്തിന്റെ വാദം. അതേസമയം, മന്ത്രിമാരെ മുന്നിൽ നിർത്തിയുള്ള നീക്കങ്ങളിൽ അസ്വാഭാവികതയുണ്ടെന്നും എല്ലാം ആസൂത്രിതമാണെന്നുമാണ് വി.ഡി. പക്ഷത്തിന്റെ ആരോപണം. മന്ത്രിസഭയിലെ അസാധാരണമായ തർക്കം കോൺഗ്രസിലെ പഴയ എ–ഐ ഗ്രൂപ്പ് പോരിനെ ഓർമിപ്പിക്കുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ഇരുവിഭാഗങ്ങളും നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന.