ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: അവയവദാന നിരക്കിൽ ഇടിവുണ്ടായതിനെ തുടർന്ന് ബ്രിട്ടനിൽ ആദ്യമായി അടിയന്തിര പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അനുയോജ്യമായ അവയവം ലഭിക്കാത്തതിനാൽ ആഴ്ചയിൽ ഒൻപത് പേർ വീതം മരിക്കുന്ന സാഹചര്യത്തിലാണ് എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റിന്റെ നടപടി. നിലവിൽ 8,700 പേരാണ് അവയവമാറ്റത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ദാതാക്കളുടെ എണ്ണം ഒൻപത് ശതമാനം കുറഞ്ഞതായും അധികൃതർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡിന് ശേഷം മരണപ്പെട്ടവരുടെ അവയവദാനത്തിന് കുടുംബങ്ങൾ സമ്മതിക്കുന്ന നിരക്കിലും വലിയ കുറവുണ്ടായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുടുംബസമ്മതം 68 ശതമാനത്തിൽ നിന്ന് 59 ശതമാനമായി കുറഞ്ഞു. 2021 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ, മരിച്ച വ്യക്തിയുടെ അവയവദാന താൽപര്യം കുടുംബത്തിന് വ്യക്തമായി അറിയാത്തതിനാൽ 700-ലേറെ സാധ്യതയുള്ള ദാനങ്ങൾ നടക്കാതെ പോയി. ഒരു ദാതാവിൽ നിന്ന് ശരാശരി മൂന്ന് അവയവങ്ങൾ ലഭിക്കുമെന്നതിനാൽ 2,127 അവയവമാറ്റ അവസരങ്ങളാണ് ഇതുവഴി നഷ്ടമായതെന്ന് എൻഎച്ച്എസ്‌ബിടി വ്യക്തമാക്കി.

ഈ വർഷം അവസാനത്തോടെ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഒരു ദശലക്ഷം പേർ കൂടി എൻഎച്ച്എസ് ഓർഗൻ ഡോണർ രജിസ്റ്ററിൽ തങ്ങളുടെ തീരുമാനം രേഖപ്പെടുത്തണമെന്നാണ് അധികൃതരുടെ അഭ്യർഥന. കുടുംബാംഗങ്ങൾക്ക് പ്രിയപ്പെട്ടയാളുടെ തീരുമാനം അറിയാമെങ്കിൽ 90 ശതമാനം കേസുകളിലും അവർ അവയവദാനത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് എൻഎച്ച്എസ്‌ബിടി അറിയിച്ചു. കഴിഞ്ഞ ഒരു ദശകത്തിനിടെ ജീവൻ രക്ഷിക്കുന്ന അവയവമാറ്റത്തിനായി കാത്തിരിക്കെ ഏകദേശം 5,000 പേർ മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.