തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ടുപോയാലും പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഇടത് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണപക്ഷത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി പദവി ഒഴിയേണ്ട സാഹചര്യമില്ലെന്നുമാണ് സി.പി.എമ്മിന്റെയും ഇടത് മുന്നണിയുടെയും വിലയിരുത്തല്‍. പിണറായി വിജയന് പുറമെ മകള്‍ ടി. വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ വിഷയം സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
കേസിന്റെ തുടക്കം സി.എം.ആര്‍.എല്ലില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളിലൂടെയായിരുന്നു. സേവനം നല്‍കാതെയാണ് എക്സാലോജിക് സൊല്യൂഷന്‍സിന് പണം കൈമാറിയതെന്ന ആരോപണത്തെ തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കി. എസ്.എഫ്.ഐ.ഒ., എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ദുരൂഹ സാമ്പത്തിക ഇടപാടുകളും കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയര്‍ന്നു. തുടര്‍ന്നുണ്ടായ പരിശോധനകളും റെയ്ഡുകളും കേസിന് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം നല്‍കി.
ഇ.ഡി.യുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് വിവാദം പുതിയ ഘട്ടത്തിലേക്ക് കടന്നത്. ഇതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യം ഭരണപക്ഷം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രാജി ആവശ്യത്തെ അംഗീകരിക്കില്ലെന്നുമാണ് ഇടത് നേതൃത്വത്തിന്റെ നിലപാട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിഷയം സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന പോരാട്ട വിഷയമായി മാറുമെന്നാണ് വിലയിരുത്തല്‍.











Leave a Reply