ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു.കെ.യിൽ ഭിന്നശേഷിക്കാർക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം യുവാക്കളടക്കമുള്ള ലക്ഷക്കണക്കിന് ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് പുതിയ പഠനറിപ്പോർട്ട്. ജോസഫ് റൗൺട്രീ ഫൗണ്ടേഷന്റെ (JRF) പുതിയ പഠനമനുസരിച്ച് 2025ൽ ബ്രിട്ടനിൽ 38 ലക്ഷം പേർ കടുത്ത സാമ്പത്തിക ദുരിതം അനുഭവിച്ചു. ഇതിൽ പത്തുലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു. ഭക്ഷണം, വസ്ത്രം, താമസസൗകര്യം, ചൂടിനാവശ്യമായ സംവിധാനങ്ങൾ, വെളിച്ചം, അടിസ്ഥാന ശുചിത്വ വസ്തുക്കൾ എന്നിവയിൽ രണ്ടോ അതിലധികമോ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരെയാണ് കടുത്ത ദാരിദ്ര്യം നേരിടുന്നവരായി കണക്കാക്കുന്നത്. ദുരിതം അനുഭവിക്കുന്നവരിൽ നാലിലൊരാൾക്കും യാതൊരു വരുമാനവുമില്ല. വാടക നൽകിയശേഷം ആഴ്ചയിൽ 90 പൗണ്ടിൽ താഴെ മാത്രം ലഭിക്കുന്നവരാണ് 58 ശതമാനം പേർ. ഇവരിൽ വലിയൊരു വിഭാഗം ഭക്ഷ്യബാങ്കുകളെയും അടിയന്തര സഹായ സംവിധാനങ്ങളെയുമാണ് ആശ്രയിക്കുന്നത്.

യുവാക്കൾക്കുള്ള ക്ഷേമപദ്ധതികളിൽ മാറ്റം വരുത്തണമെന്ന അലൻ മിൽബേൺ സമിതിയുടെ നിർദേശങ്ങളാണ് ആശങ്ക വർധിപ്പിക്കുന്നത്. 25 വയസ്സിൽ താഴെയുള്ള ഭിന്നശേഷിക്കാർക്ക് നിലവിൽ ലഭിക്കുന്ന പേഴ്സണൽ ഇൻഡിപെൻഡൻസ് പേയ്മെന്റ് (PIP), യൂണിവേഴ്സൽ ക്രെഡിറ്റ് എന്നിവയ്ക്ക് പകരം പുതിയ ആനുകൂല്യ സംവിധാനം കൊണ്ടുവരണമെന്നാണ് സമിതിയുടെ നിർദേശം. ഇതിലൂടെ പലർക്കും ലഭിക്കുന്ന സാമ്പത്തിക സഹായം കുറയാൻ സാധ്യതയുണ്ടെന്ന് ഭിന്നശേഷി സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഭിന്നശേഷിക്കാർക്ക് അധിക സാമ്പത്തിക സഹായം ആവശ്യമാണെന്ന കാര്യവും പഠനം ചൂണ്ടിക്കാട്ടുന്നു. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരിൽ 61 ശതമാനം പേർക്ക് ഭിന്നശേഷിയോ ദീർഘകാല ആരോഗ്യപ്രശ്നങ്ങളോ ഉള്ളവരാണ്. ജീവന് ഭീഷണിയായ ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ 37 ശതമാനം പേർക്ക് ഇപ്പോഴും ഭിന്നശേഷി ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന PIP ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ചുള്ള സ്റ്റീഫൻ ടിംസിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ അന്തിമ റിപ്പോർട്ട് നവംബർ 25ന് പുറത്തുവരും. നിലവിലെ വിലയിരുത്തൽ സംവിധാനം പരിഷ്കരിക്കണമെന്നും കൂടുതൽ വ്യക്തിഗത ആവശ്യങ്ങൾ പരിഗണിക്കണമെന്നും സമിതി നിർദേശിക്കുമെന്നാണ് സൂചന. മിൽബേൺ, ടിംസ് റിപ്പോർട്ടുകൾ ഒരുമിച്ച് പരിശോധിച്ചശേഷം അടുത്ത വർഷം ആദ്യം സർക്കാർ ധവളപത്രം പ്രസിദ്ധീകരിക്കും. ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന സഹായം കുറയ്ക്കുന്നത് അവരുടെ ആരോഗ്യത്തെയും തൊഴിൽ സാധ്യതകളെയും പ്രതികൂലമായി ബാധിക്കുമെന്ന് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ദാരിദ്ര്യം കുറയ്ക്കാനും ഭക്ഷ്യബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം താഴ്ത്താനും സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്നാണ് ഔദ്യോഗിക വിശദീകരണം.











Leave a Reply