തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരുദിവസം നിർബന്ധിത അവധി നൽകണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെ എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഓരോ ഉദ്യോഗസ്ഥന്റെയും പ്രതിവാര അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും അത്യാവശ്യവും അടിയന്തിരവുമായ സാഹചര്യങ്ങൾ ഒഴികെ അവധി നിഷേധിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. തുടർച്ചയായ ജോലിഭാരവും മാനസിക സമ്മർദവും കുറച്ച് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
അടിയന്തിര സേവനങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് സേനയിലെ എല്ലാവർക്കും കൃത്യമായി അവധി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പാക്കണമെന്നും എഡിജിപി നിർദേശിച്ചു. പൊലീസുകാരുടെ ജോലി – ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സേവന കാര്യക്ഷമത വർധിപ്പിക്കുന്നതിനും പുതിയ തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ.











Leave a Reply