തിരുവല്ല: മാക്ഫാസ്റ്റ് കോളജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്തർകോളജ് ഫെസ്റ്റ് മാക്ഫിയസ്റ്റ 2K26-ന് ആവേശോജ്ജ്വല തുടക്കം. സെപ്റ്റംബർ 24, 25 തീയതികളിൽ നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ നിസാമുദ്ദീൻ എ. ഐ.എ.എസ്. നിർവഹിച്ചു. മാക്ഫാസ്റ്റ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ റവ. ഡോ. തോമസ്കുട്ടി പതിനെട്ടിൽ ആശംസ നേർന്നു. ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഡോ. സുദീപ് ബി. ചന്ദ്രമന, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ അനു റ്റിജി എന്നിവർ പങ്കെടുത്തു.
വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ ഉണർത്താനും പരിപോഷിപ്പിക്കാനും മാക്ഫിയസ്റ്റ പോലുള്ള പരിപാടികൾ സഹായിക്കുമെന്ന് ജില്ലാ കളക്ടർ നിസാമുദ്ദീൻ പറഞ്ഞു. കലാപരമായ കഴിവുകൾ, സർഗാത്മകത, സാങ്കേതിക മികവ്, നേതൃത്വശേഷി, സംഘാടനപാടവം എന്നിവ വളർത്തുന്നതിനുള്ള വേദിയാണ് ഇത്തരം ഫെസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നുമായി 1,500-ഓളം വിദ്യാർഥികളാണ് മാക്ഫിയസ്റ്റയിലെ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. മൂന്ന് ലക്ഷം രൂപയിലധികം സമ്മാനത്തുകയുള്ള ഫെസ്റ്റിൽ വിവിധ കലാ-സാംസ്കാരിക, സാങ്കേതിക മത്സരങ്ങളും പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കല, സാങ്കേതികവിദ്യ, വിജ്ഞാനം, വിനോദം എന്നിവ സമന്വയിപ്പിക്കുന്ന ഫെസ്റ്റ് വിദ്യാർഥികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കാനും അവസരമൊരുക്കുന്നു.











Leave a Reply