കോഴിക്കോട്: ദാമ്പത്യപ്രശ്നം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പുതുപ്പാടി സ്വദേശി അൻവർ സാദത്ത് അറസ്റ്റിൽ. ഈങ്ങാപ്പുഴയിലെ വ്യാജ ചികിത്സാകേന്ദ്രത്തിൽ വച്ചാണ് സംഭവം. സെപ്റ്റംബർ 21ന് താമരശ്ശേരി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കുന്ന സിദ്ധനുണ്ടെന്ന് അറിഞ്ഞാണ് രണ്ടാഴ്ച മുൻപ് യുവതിയുടെ ഭർത്താവ് ഇവരെ അൻവർ സാദത്തിന്റെ ചികിത്സാകേന്ദ്രത്തിലെത്തിച്ചത്. ഇവിടെ വച്ച് ഭർത്താവിന്റെ കയ്യിൽ തേങ്ങ നൽകിയ ശേഷം ചികിത്സ പൂർത്തിയാകുന്നതുവരെ പുറത്തേക്ക് നോക്കി മന്ത്രങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ടു. ഇതിനിടെ യുവതിയെ മുറിയുടെ മറ്റൊരു ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
ചികിത്സാകേന്ദ്രത്തിൽനിന്ന് വീട്ടിലെത്തിയ ശേഷമാണ് യുവതി സംഭവം ഭർത്താവിനോട് പറഞ്ഞത്. തുടർന്ന് ഭർത്താവ് താമരശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ കേസുകളുണ്ടെന്നും പോക്സോ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിരുന്നുവെന്നും താമരശേരി ഡിവൈ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.











Leave a Reply