ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സണ്ടർലാൻഡിൽ കാർ റിവർ വെയറിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് കൗമാരക്കാർ മരിച്ചു. വെയർമൗത്ത് ബ്രിഡ്ജിന് സമീപം പാൻസ് ബാങ്കിൽ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് കറുത്ത ഓഡി എ3 റോഡിൽനിന്ന് നിയന്ത്രണംവിട്ട് നദിയിലേക്ക് പതിച്ചത്. കാറിലുണ്ടായിരുന്ന നാല് പേരിൽ 17 വയസ്സുകാരനായ ഒരു ആൺകുട്ടിയെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നോർതംബ്രിയ പൊലീസ് അറിയിച്ചു.

നദിയിൽ നടത്തിയ തിരച്ചിലിനിടെ രണ്ട് കൗമാര ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി പുറത്തെടുത്തു. അപകടത്തിൽ മറ്റൊരു വാഹനവും ഉൾപ്പെട്ടതായി കരുതുന്നില്ല. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സണ്ടർലാൻഡ് ഏരിയ കമാൻഡർ ചീഫ് സൂപ്രണ്ട് സ്കോട്ട് കോവി പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

ടൈൻ ആൻഡ് വെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസ്, ആർഎൻഎൽഐ സംഘങ്ങൾ ഉൾപ്പെടെ നിരവധി അടിയന്തിര സേവന വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സംഭവസ്ഥലത്തേക്ക് പൊതുജനങ്ങൾ എത്തുന്നത് ഒഴിവാക്കണമെന്ന് പൊലീസ് നിർദേശിച്ചു. നഗരത്തെ ആകെ ദുഃഖത്തിലാഴ്ത്തിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പിന്തുണ അറിയിച്ച് സണ്ടർലാൻഡ് എഎഫ്‌സിയും നോർത്ത് ഈസ്റ്റ് മേയർ കിം മക്ഗിന്നസും സണ്ടർലാൻഡ് സെൻട്രൽ എംപി ലൂയിസ് അറ്റ്കിൻസണും അനുശോചനം രേഖപ്പെടുത്തി.











Leave a Reply